ചെന്നൈ :എഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ചതു നിയമാനുസൃതമാണെന്നറിയിച്ചു പാര്‍ട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരന്‍ നല്‍കിയ വിശദീകരണം തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി.
രേഖകള്‍ പ്രകാരം ദിനകരന്‍ പാര്‍ട്ടി ഭാരവാഹിയല്ലെന്നും വിശദീകരണ കത്തുകളില്‍ ഉത്തരവാദപ്പെട്ട ഭാരവാഹിയാണ് ഒപ്പുവയ്‌ക്കേണ്ടതെന്നും കമ്മിഷന്‍ വ്യക്തമാക്കി. സ്വത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ബെംഗളൂരു ജയിലിലേക്കു പോകും മുന്‍പാണു ശശികല സഹോദരി പുത്രന്‍ ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയത്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ കത്തുകള്‍ക്ക് അഞ്ചു തവണയും നല്‍കിയ മറുപടികളിലെല്ലാം ഒപ്പ് വച്ചിരിക്കുന്നത് ദിനകരനാണ്. ഇവ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരസിച്ച സാഹചര്യത്തില്‍ ഒന്നുകില്‍ ശശികല നേരിട്ടോ, അല്ലെങ്കില്‍ അവര്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആള്‍ മുഖേനയോ വീണ്ടും മറുപടി നല്‍കണം.
10ന് മുന്‍പ് മറുപടി നല്‍കണമെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ , ശശികലയ്ക്കു ബെംഗളൂരു പാരപ്പന അഗ്രഹാര ജയില്‍ വിലാസത്തില്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി.
നടപടിക്രമം പാലിച്ചില്ലെന്നും ജനറല്‍ സെക്രട്ടറിയെ നിയമിക്കാന്‍ അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സിലിന് അധികാരമില്ലെന്നും കാട്ടി പനീര്‍സെല്‍വം പക്ഷത്തെ പ്രമുഖ നേതാവും രാജ്യസഭാംഗവുമായ വി.മൈത്രേയനാണു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയത്.
എന്നാല്‍, സ്ഥിരം ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുവരെ ഇടക്കാല സംവിധാനം ഏര്‍പ്പെടുത്താനുള്ള അധികാരം ജനറല്‍ കൗണ്‍സിലിനുണ്ടെന്നാണു ദിനകരന്‍ മറുപടി പറഞ്ഞത്.