ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍ ; എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു.

ഇന്നുതന്നെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു ശശികല പുറത്തിറങ്ങും. അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടി.ടി.വി. ദിനകരനൊപ്പം 10 എംഎല്‍എമാര്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തും.

ശശികലയെ നാലു വർഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി ഈ വർഷം ഫെബ്രുവരിയിൽ സുപ്രീംകോടതി റദ്ദാക്കുകയും ശിക്ഷ പുന:സ്ഥാപിക്കുകയുമായിരുന്നു. ശശികലയെ കൂടാതെ ജെ. ഇളവരശി, വി. എൻ. സുധാകരൻ എന്നിവർക്കും പ്രത്യേക വിചാരണകോടതി നാല് വർഷം വീതം ജയിൽ ശിക്ഷ വിധിച്ചിരുന്നു. പ്രതികൾ പത്ത്‌ കോടി രൂപ വീതം പിഴയും അടയ്ക്കാൻ നിർദേശിച്ചിരുന്നു.

1991-96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ കൂട്ടാളികൾക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു എന്നാണ്‌ കേസ്.

Top