വിവാദങ്ങള്‍ക്ക് വഴിയൊരുക്കി വീണ്ടും ജയിലില്‍ ശശികലയുടെ വി ഐ പി ജീവിതം

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയുടെ ജയിലിലെ വിഐപി ജീവിതം വീണ്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

കനത്ത സുരക്ഷയുള്ള ജയിലില്‍ ശശികലയും ബന്ധു ഇളവരശിയും ജയിലില്‍ നിന്ന് പുറത്തു പോകാറുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മുന്‍പ് ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ജയിലില്‍ ലഭ്യമാകുന്നതിന്റെ വീഡിയോ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനു പിറകെയാണ് ജയിലില്‍ ശശികല നയിക്കുന്ന ജീവിതം വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ജയില്‍ സൂപ്രണ്ടായിരുന്ന ഡിഐജി രൂപയാണ് ശശികലയുടെ വിഐപി ജീവിതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറം ലോകത്തെ അറിയിച്ചത്.

രൂപ നല്‍കിയ വിഡീയോ ദൃശ്യങ്ങളിലൊന്നില്‍ ജയില്‍ വളപ്പില്‍ നിന്ന് അകത്തേക്ക് വരുന്ന ശശികലയേയും ബന്ധു ഇളവരശിയേയും കാണാം.

വിഐപി പരിഗണയില്‍ ശശികല ജയില്‍ ജീവിതം നയിക്കുന്നതിനെപ്പറ്റി പോലീസ് ഉന്നതതല സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചതിനു ശേഷമാണ് ഇത്തരത്തിലൊരു വീഡിയോ പുറത്ത് വന്നത്.

വീഡിയോയിലെ ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി കര്‍ണാടകയിലെ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിച്ചിരുന്നത് വ്യക്തമായിരിക്കുകയാണ്.

ശശികലയ്ക്ക് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 2 കോടി രൂപ ജയില്‍ അധികൃതര്‍ക്കായി നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

ശശികലയ്ക്ക് രണ്ട് സെല്ലായിരുന്നു അനുവദിച്ചിരുന്നത്. അതില്‍ ഒന്നില്‍ കിച്ചണും മറ്റൊന്നില്‍ ലിവിംഗ് റൂമുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധയ്ക്ക് വിധേയമാക്കുമെന്ന് കര്‍ണാടക ആന്റി കറപ്ഷന്‍ ബ്യൂറോ അറിയിച്ചു.

Top