sasikala in prison

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍.

വാട്ടര്‍ ഹീറ്റര്‍, പ്രത്യേക കിടക്ക തുടങ്ങിയ സൗകര്യങ്ങള്‍ ജയിലില്‍ ശശികലയ്ക്ക് നല്‍കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

അഡ്വക്കേറ്റ് എം.പി രാജവേലായുധന്‍ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ജയിലധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജയില്‍ മാറാനുള്ള അപേക്ഷ ശശികല സമര്‍പ്പിച്ചിട്ടില്ലെന്നും ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

ഒരു ടെലിവിഷന്‍ മാത്രമാണ് ശശികലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയില്‍ മുറിയില്‍ ഉള്ള പ്രത്യേക സൗകര്യം. കിടക്ക, ഫാന്‍, എയര്‍ കണ്ടീഷണര്‍, വാട്ടര്‍ ഹീറ്റര്‍, പ്രത്യേക ശുചിമുറി എന്നിവ ഇവര്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ജയില്‍ അധികാരികള്‍ അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണാടക വിചാരണ കോടതി വിധിച്ച ശിക്ഷ ഈ മാസം 14നാണ് സുപ്രീം കോടതി ശരിവച്ചത്. നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയുമാണ് കോടതി ശിക്ഷ.

ശശികലയ്‌ക്കൊപ്പം വി.എന്‍. സുധാകരനും ജെ.ഇളവരശിയും കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയും പ്രതിയായിരുന്നു. അന്തരിച്ചതിനെ തുടര്‍ന്ന് ഇവരെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

Top