ചെന്നൈ:ശശികലക്ക് പകരം പളനിസ്വാമിയെ മുന്‍നിര്‍ത്തി മന്ത്രി സഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് അണ്ണാ ഡിഎംകെ.
ഇപ്പോഴും ഭൂരിപക്ഷ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ചൂണ്ടി കാട്ടിയാണ് അവകാശവാദം. തനിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കി എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്ത് പളനിസ്വാമി ഗവര്‍ണര്‍ക്ക് രാജ്ഭവനിലെത്തി നല്‍കി.
പതിനൊന്നു മന്ത്രിമാരടങ്ങിയ സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്.
പനീര്‍ശെല്‍വത്തിനെ മന്ത്രിസഭയുണ്ടാക്കാന്‍ വിളിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ഏറ്റവും വലിയ കക്ഷിയും ഭൂരിപക്ഷ പിന്തുണ ഉള്ളതും അണ്ണാ ഡിഎംകെക്ക് ആണെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം.
എടപ്പാടി പളനിസ്വാമിയെ നേരത്തെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. തീരുമാനം കൂവത്തൂര്‍ റിസോര്‍ട്ടില്‍ ശശികലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് ഉണ്ടായത്.
അതേസമയം ശശികല അഴിക്കുള്ളിലാവുമെന്ന് ഉറപ്പായതോടെ ശശികലക്കൊപ്പമുള്ള എം എല്‍ എ മാരെ പിടിക്കാന്‍ പനീര്‍ ശെല്‍വ വിഭാഗവും നീക്കം ശക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ്സിന്റെ നിലപാടും നിര്‍ണ്ണായക ഘടകമാകും. ഇനി പനീര്‍ശെല്‍വത്തിനോട് വിശ്വാസവോട്ട് നേടാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടാലും വിശ്വാസവോട്ടില്‍ പരാജയപ്പെടുത്താന്‍ പറ്റുമെന്നാണ് അണ്ണാ ഡിഎംകെയുടെ ആത്മവിശ്വാസം.
അണ്ണാ ഡിഎംകെ എംഎല്‍എമാരെ വിശ്വാസവോട്ടു കഴിയുന്നതുവരെ എങ്ങനെയും പിടിച്ചു നിര്‍ത്തുക എന്നതാണ് നേതൃതല തീരുമാനം. പനീര്‍ശെല്‍വത്തോടൊപ്പം പോയാലും ആ സര്‍ക്കാരിന് അല്‍പായുസ്സായിരിക്കുമെന്നും പാര്‍ട്ടി ശത്രുക്കളായ ഡിഎംകെയെ കൂട്ടുപിടിക്കുന്നത് ജയലളിതയോട് ചെയ്യുന്ന വഞ്ചനയാണെന്നുമാണ് അണ്ണാ ഡിഎംകെ നേതൃത്വം സ്വന്തം എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം.