ശശികലയുടെ ജയിലിലെ ആഡംബര ജീവിതത്തിന്റെ വീഡിയോ പുറത്ത്

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയുടെ ആഡംബര ജീവിതത്തിന് തെളിവായിട്ടുള്ള വീഡിയോ പുറത്ത്.

കന്നട ചാനല്‍ ‘ശുദ്ധി’യാണ് ജയിലില്‍ സര്‍വ്വ സ്വാതന്ത്രത്തോടെ നടക്കുന്ന ശശികലയുടെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിച്ച് ഭക്ഷണ പാത്രവുമായി സെല്ലിലേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ കാണാവുന്നതാണ്. ജയില്‍ വസ്ത്രം ധരിക്കാതെ സില്‍ക്ക് കൊണ്ടുള്ള വസ്ത്രമാണ് ശശികല ധരിച്ചിരിക്കുന്നത്.

ശശികലയെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കിലെ അഞ്ച് സെല്ലുകള്‍ ഒഴിപ്പിച്ചു തുറന്നിട്ടിരിക്കുകയാണെന്നും ഇവിടേക്ക് മറ്റാര്‍ക്കും പ്രവേശനമില്ലെന്നും പ്രത്യേകം പാത്രങ്ങളിലാണു ശശികലയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നതെന്നും സ്ഥലം മാറ്റപ്പെട്ട ഡിഐജി ഡി. രൂപ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ശശികലയ്ക്കു നല്‍കിയ പ്രത്യേക സൗകര്യങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെങ്കിലും ഇവ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതായും പിന്നീടു വ്യക്തമാക്കുകയാണുണ്ടായത്.

ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തി എന്നോരോപിച്ചാണ് കഴിഞ്ഞ ദിവസം രൂപയെ ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റിയത്. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.

Top