ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഇന്നുതന്നെ കീഴടങ്ങുമെന്ന് സൂചന.
എല്ലാവരും ഇന്ന് കീഴടങ്ങുന്നതിനെ സംബന്ധിച്ച് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കീഴടങ്ങിയശേഷം രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെടുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
എന്നാല്‍ ശശികല ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി അറിയിച്ചു. ശശികലക്ക് കൂടുതല്‍ സമയം നല്‍കാനാകില്ല. വി എന്‍ സുധാകര്‍, ജെ ഇളവരശി എന്നിവരും ഉടന്‍ കീഴടങ്ങണമെന്ന് കോടതി വ്യക്തമാക്കി. ഉടന്‍ എന്നതിന്റെ അര്‍ത്ഥം അറിയില്ലേയെന്നും കോടതി ചോദിച്ചു.
കീഴടങ്ങുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ശശികല കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിക്കവേയാണ് ഉടന്‍ കീഴടങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കിയത്.
ഉച്ചയോടെ ബെംഗളൂരു കോടതിയിലെത്തി കീഴടങ്ങുമെന്നാണ് കരുതുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നു ബെംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂര്‍ ചെക് പോസ്റ്റില്‍ ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.