ബെംഗളൂരു: അനധികൃത സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും അധികൃതരെ സമീപിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ്ടും ശശികലയുടെ അപേക്ഷ. പ്രമേഹവും രക്തസമ്മര്‍ദവും അലട്ടുന്ന വ്യക്തിയാണ് താനെന്നും എ ക്ലാസ് സൗകര്യങ്ങള്‍ നല്‍കണമെന്നുമാണ് ശശികലയുടെ ആവശ്യം.
കൂടാതെ പ്രമേഹത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വീട്ടുഭക്ഷണം വേണമെന്നും 24 മണിക്കൂര്‍ വൈദ്യ സഹായം അനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ ആവശ്യപ്പെട്ടു.ഇതില്‍ ഭക്ഷണം നല്‍കാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കിയ ജയില്‍ അധികൃതര്‍ വൈദ്യസഹായം പരിഗണിക്കാമെന്നാണ് മറുപടി നല്‍കിയത്.
ഇന്നലെയും ശശികല കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 24 മണിക്കൂര്‍ ചൂടുവെള്ളം, മിനറല്‍ വാട്ടര്‍, യൂറോപ്യന്‍ ക്ലോസറ്റ്, കട്ടിലും ടിവിയുമുള്ള എ ക്ലാസ് സെല്‍ എന്നിവയായിരുന്നു ആവശ്യം. എന്നാല്‍, ഇതെല്ലാക്കെ കോടതി തള്ളുകയായിരുന്നു.
പകരം, മൂന്നു സാരി, പ്ലേറ്റ്, ഗ്ലാസ്, മഗ്, തലയണ, പുതപ്പ് എന്നിവയാണ് അനുവദിച്ചത്. രാത്രി ഏഴു മണിയോടെ വനിതാ സെല്ലിലെ മറ്റു തടവുകാര്‍ക്കൊപ്പം ശശികലയ്ക്കും ഇളവരശിക്കും അത്താഴം നല്‍കി രണ്ടു ചപ്പാത്തി, റാഗിയുണ്ട, ചോറ്. ജയിലിലെ ആദ്യ ദിനം തറയിലാണ് ശശികല കിടന്നുറങ്ങിയത്.