ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ) ജനറല്‍ സെക്രട്ടറി ശശികലയുടെ ആഡംബര ജീവിതത്തെക്കുറിച്ച് ഡിഐജി ഡി. രൂപ രണ്ടാമതൊരു റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചു.
ശശികലയെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കിലെ അഞ്ച് സെല്ലുകള്‍ ഒഴിപ്പിച്ചു തുറന്നിട്ടിരിക്കുകയാണെന്നും ഇവിടേക്ക് മറ്റാര്‍ക്കും പ്രവേശനമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ പ്രത്യേകം പാത്രങ്ങളിലാണു ശശികലയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. നിരവധി സൗകര്യങ്ങള്‍ക്കൊപ്പം പ്രത്യേക കിടക്കയും സെല്ലില്‍ നല്‍കുന്നുണ്ട്.
ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കാന്‍ രണ്ട് കോടി രൂപ കോഴയായി ജയിലധികൃതര്‍ക്ക് നല്‍കിയെന്നും സ്വന്തമായി ഭക്ഷണം പാകം ചെയ്യാനായി പ്രത്യേക അടുക്കളയും സഹായികളായി രണ്ട് തടവുപുള്ളികളെയും സൗകര്യം ചെയ്തു നല്‍കുന്നുണ്ടെന്നും രൂപ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
ശശികലയ്ക്കു നല്‍കിയ പ്രത്യേക സൗകര്യങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെങ്കിലും ഇവ മനപ്പൂര്‍വം മായ്ച്ചുകളഞ്ഞതായും അവര്‍ പിന്നീടു വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തി എന്നോരോപിച്ച് കഴിഞ്ഞ ദിവസം രൂപയെ ഗതാഗത വകുപ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.