‘വില്ലത്തി’ തമിഴകത്ത് മടങ്ങിവരുന്നത്, രാഷ്ട്രീയത്തില്‍ സൂപ്പര്‍ ‘നായികയാവാന്‍’

മിഴക രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിതയ്ക്കാന്‍ ശശികലയും വരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴിയാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഫെബ്രുവരിയില്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പ്രതികാര ദാഹിയായി എത്തുന്ന ശശികലയെ എങ്ങനെ നേരിടുമെന്നതാണ് അണ്ണാ ഡി.എം.കെ നേതാക്കള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്‌ക്കൊപ്പമാണ് ശശികലയും ശിക്ഷിക്കപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിലും ശശികലയ്ക്കും മന്നാര്‍ കുടുംബത്തിനും ബന്ധമുണ്ടെന്ന ആരോപണവും സജീവമായിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ശശികലയുടെ മന്നാര്‍ഗുഡി കുടുംബം ചെയ്തിരുന്നത്.

ശശികല ജയലളിതക്ക് പിന്‍ഗാമിയായി അവതരിപ്പിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഇപ്പോള്‍ ശത്രുപക്ഷത്താണ്. ഒ. പനീര്‍ശെല്‍വത്തെ ഉപമുഖ്യമന്ത്രിയാക്കി അണ്ണാ ഡി.എം.കെയെ പൂര്‍ണ്ണമായും ഇരുവരും ചൊല്‍പ്പടിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ശശികലയുടെ വരവോടെ അണ്ണാ ഡി.എം.കെയില്‍ എന്ത് മാറ്റങ്ങള്‍ സംഭവിക്കുമെന്നാണിപ്പോള്‍ തമിഴകം ഉറ്റുനോക്കുന്നത്. ശശികലയുടെ അടുത്ത ബന്ധു ടി.ടി.വി ദിനകരന്റെ നീക്കവും ഇനി ഏറെ നിര്‍ണ്ണായകമായിരിക്കും. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ ഒറ്റയ്ക്ക് മത്സരിച്ചാണ് ദിനകരന്‍ വിജയിച്ചിരുന്നത്. ജയിലില്‍ പോയി ശശികലയെ കണ്ട ശേഷമാണ് ദിനകരന്‍ മത്സര രംഗത്തേക്ക് ഇറങ്ങിയിരുന്നത്. ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍’ ശശികലയും ചേരുമോ അതോ അണ്ണാ ഡി.എം.കെയെ ഇരുവരും ചേര്‍ന്ന് പിളര്‍ത്തുമോ എന്നതും വലിയ ചോദ്യമാണ്. കാര്യമെന്തായാലും 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ശശികല നിര്‍ണ്ണായക ഘടകമായി മാറാനാണ് സാധ്യത.

ജയില്‍വാസം കഴിഞ്ഞ് തിരിച്ചു വരുന്ന ശശികല ദിനകരനെ മുന്‍ നിര്‍ത്തി ഭരണം പിടിക്കാന്‍ ശ്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്നാണ് ശശികലയുടെ വാദം. ഈ വാദം ഉയര്‍ത്തി തന്നെയാവും അവര്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുക. അതേസമയം അപകടം മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ അണിയറയില്‍ പ്രതിരോധവും തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി സഹയാത്രികരായ അണ്ണാ ഡി.എം.കെ നേതൃത്വമാണ് കരുക്കള്‍ നീക്കുന്നത്. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കളാണിപ്പോള്‍ ആദായനികുതിവകുപ്പ് കണ്ടു കെട്ടിയിരിക്കുന്നത്. ഷെല്‍ കമ്പനികളുടെ പേരില്‍ പോയസ് ഗാര്‍ഡനില്‍ ഉള്‍പ്പെടെ വാങ്ങിയ 65 ആസ്തികളാണ് പൂര്‍ണ്ണമായും പിടിച്ചെടുത്തിരിക്കുന്നത്. സാമ്പത്തിക പിന്‍ബലം ഇല്ലെങ്കില്‍ ശശികലയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് കണ്ടാണ് ഈ നീക്കമെന്നാണ് മന്നാര്‍ ഗുഡി കുടുംബവും പ്രതികരിച്ചിരിക്കുന്നത്. കോടതിയെ സമീപിക്കാനാണ് അവരുടെ നീക്കം.

ജയലളിതയുടെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്ത പശ്ചാത്തലത്തില്‍ പോയസ് ഗാര്‍ഡനിലെ പുതിയ ബംഗ്ലാവില്‍ താമസിക്കാനായിരുന്നു ശശികല പദ്ധതിയിട്ടിരുന്നത്. ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത ശ്രീ ഹരിചന്ദന എസ്റ്റേറ്റ്‌സ് എന്ന ഷെല്‍ കമ്പനിയുടെ പേരിലാണ് ഈ സ്വത്തുക്കളെല്ലാം രജിസ്റ്റര്‍ ചെയ്തിരുന്നത്. 2003- 2005 കാലയളവില്‍ 200 ഏക്കര്‍ ഭൂമിയാണ് ഈ കമ്പനിയുടെ പേരില്‍ വാങ്ങിയിരിക്കുന്നത്. ജയിലില്‍ കഴിയുമ്പോഴും നോട്ട് റദ്ദാക്കല്‍ കാലയളവില്‍ മാത്രം 1600 കോടിയുടെ ഇടപാടുകള്‍ ശശികല നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം പ്രചരണമാക്കാനാണ് അണ്ണാ ഡി.എം.കെയും ഒരുങ്ങുന്നത്.

പാര്‍ട്ടിയില്‍ എടപ്പാടി – പനീര്‍ശെല്‍വ വിഭാഗങ്ങള്‍ ഇപ്പോള്‍ രണ്ടു തട്ടിലാണുള്ളത്. എത്രയും പെട്ടെന്ന് ഈ ഭിന്നത പരിഹരിച്ചില്ലെങ്കില്‍ ശശികലയ്ക്കാണ് അത് ആത്യന്തികമായി നേട്ടമാകുക. പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെയും ഗൗരവമായി തന്നെയാണ് ശശികലയുടെ വരവിനെ കാണുന്നത്. ശശികലയുടെ നിലവിലെ ‘വില്ലത്തി’ പരിവേശം നായിക പരിവേശമായി മാറുമോ എന്നതാണ് ഡി.എം.കെയെ ഭയപ്പെടുത്തുന്നത്. ജയലളിതയുടെ മണ്ഡലത്തിലെ ദിനകറിന്റെ വിജയത്തെ നിസാരമായി കാണാന്‍ പ്രതിപക്ഷവും തയ്യാറല്ലെന്ന് വ്യക്തമാണ്.

Top