Sasikala Set to Take Over as Tamil Nadu CM? All Eyes on MLAs Meet Tomorrow

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിനുശേഷം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ വി.കെ. ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന.

നാളെ നടക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

ഒ. പനീര്‍ശെല്‍വത്തിന്റെ പക്കല്‍നിന്ന് തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനം ശശികല ഏറ്റെടുത്തേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.ഈ മാസം എട്ടിനോ ഒമ്പതിനോ ശശികല മുഖ്യമന്ത്രി ആകുമെന്നാണ് സൂചന.

വെള്ളിയാഴ്ച ശശികല മുന്‍മന്ത്രിയായിരുന്ന കെ.എ. സെങ്കോട്ടിയനെയും മുന്‍ മേയര്‍ സൈദായി എസ്. ദുരൈസ്വാമിയെയും ഓര്‍ഗനൈസേഷന്‍ സെക്രട്ടറിമാരായി നിയമിച്ചിരുന്നു.

ജയലളിതയുടെ നിര്യാണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റത്.

ജയലളിതയുടെ അടുത്ത സുഹൃത്തും തമിഴ്‌നാട് സര്‍ക്കാര്‍ ഉപദേഷ്ടാവുമായിരുന്ന ഷീല ബാലകൃഷ്ണന്‍ രാജിവച്ചത് ഇതിനുള്ള മുന്നൊരുക്കമായാണ് വിലയിരുത്തപ്പെടുന്നത്.

സെപ്റ്റംബറില്‍ ജയലളിത ആശുപത്രിയില്‍ ആയതു മുതല്‍ തിരുവനന്തപുരം സ്വദേശിയായ ഷീല ബാലകൃഷ്ണന്റെ കൈകളിലായിരുന്നു തമിഴ്‌നാടിന്റെ നിയന്ത്രണം.ജയയുടെ വിശ്വസ്തയായതുകൊണ്ടു തന്നെയാണ് ഇവരെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ശേഷവും ഉപദേഷ്ടാവായി നിയമിച്ചത്.

1983ല്‍ എംജിആര്‍ മുഖ്യമന്ത്രിയായിരിക്കെ ഷീല സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറായിരുന്നു. 2002ല്‍ ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ തന്റെ സെക്രട്ടറിയാക്കി.

അനധികൃത സ്വത്തു കേസില്‍ ശിക്ഷിക്കപ്പെട്ടു ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ പകരക്കാരിയായി ഷീല ബാലകൃഷ്ണന്റെ പേരും ചര്‍ച്ച ചെയ്തിരുന്നു.

Top