തിരുവനന്തരപുരം: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ വിവാദമായ ഫോണ്‍വിളിക്കേസില്‍ ശാസ്ത്രീയ പരിശോധന ആവശ്യമില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന്റെ നിലപാട്.
ഫോണ്‍ കോളുകളിലെ ശബ്ദം ശശീന്ദ്രന്റേയാണോ എന്ന് ഉറപ്പിക്കാന്‍ ലാബില്‍ അയച്ച് പരിശോധിക്കണമെന്ന ആവശ്യം കമ്മിഷന്‍ തള്ളി. അതേസമയം, അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കി പി.എസ്.ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.
ഗതാഗത മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ, 354 ഡി, 509 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്.
ശാരീരിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതുകൂടാതെ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി പി.എസ്.ആന്റണി അദ്ധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു.
പരാതിക്കാരി ചാനലിലൂടെ പുറത്തുവിട്ട ശബ്ദം ശശീന്ദ്രന്റേയാണോ എന്നുറപ്പിക്കാനുള്ള ശാസ്ത്രീയ പരിശോധനയാണ് ആദ്യം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യം ആവശ്യമില്ലെന്നായിരുന്നു ശശീന്ദ്രന്റെ നിലപാട്. ഇതിന് പിന്നാലെയാണ് ഇക്കാര്യം രേഖാമൂലം കമ്മിഷന്റെ മുന്നിലെത്തിയത്.
എന്നാല്‍ ഫോണ്‍ സംഭാഷണം ആദ്യം റെക്കാഡ് ചെയ്ത ഫോണ്‍ കണ്ടെടുക്കാനായില്ലെന്ന കാരണം പറഞ്ഞ് കമ്മിഷന്‍ ഇക്കാര്യം തള്ളുകയായിരുന്നു. എഡിറ്റിങ് നടത്താത്ത ഒറിജിനല്‍ ശബ്ദരേഖ ചാനല്‍ ഓഫീസില്‍ നിന്ന് കൈമാറിയെങ്കിലും ഇത് ആധികാരിക രേഖയായി കണക്കാക്കാനാവില്ലെന്നായിരുന്നു കമ്മിഷന്‍ നിലപാട്.
അതേസമയം, ഫോണ്‍വിളിക്കേസില്‍ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് എന്‍.സി.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.