Saswathikanand’s family want enquiry

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും പ്രക്ഷോഭത്തിനിറങ്ങാനും സഹോദരങ്ങള്‍ ഒരുങ്ങുന്നു.

ഡിജിപി ജേക്കബ് തോമസിന്റെയോ ഋഷിരാജ് സിങ്ങിന്റെയോ നേതൃത്വത്തില്‍ ശക്തമായ ഒരു ടീമിനെ ഉണ്ടാക്കി പുനരന്വേഷണം നടത്തുന്നതിന് പകരം അനവധി വര്‍ഷങ്ങളായി കേസ് അന്വേഷിച്ച് ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് നല്‍കിയ ക്രൈംബ്രാഞ്ച് തന്നെ തുടര്‍ന്നും അന്വേഷണം നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

വെള്ളാപ്പള്ളിയുടെ അടുപ്പക്കാരനായ വിവാദ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് തലപ്പത്തുള്ളതിനാല്‍ നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സന്ദര്‍ശിച്ച ശാശ്വതീകാനന്ദയുടെ സഹോദരങ്ങളായ കെ ശാന്തകുമാരി, ശകുന്തള, സി.വിജയകുമാര്‍ എന്നിവര്‍ പറഞ്ഞിരുന്നു.

ജേക്കബ് തോമസിനെയോ ഋഷിരാജ് സിങ്ങിനെയോ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.

ഇക്കാര്യം സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളോടും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തുടങ്ങിയ നേതാക്കളും ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന നിലപാടിലാണ്.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ വിധ പിന്‍തുണയും ഉണ്ടാകുമെന്ന് പിണറായി ഉറപ്പ് നല്‍കിയതായി സ്വാമിയുടെ സഹോദരങ്ങള്‍ വെളിപ്പെടുത്തി. കോടതിയെ സമീപിക്കുന്നതോടൊപ്പം തന്നെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായി സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ ഇരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ശാശ്വതീകാനന്ദയുടെ തലയിലേറ്റ പരുക്ക് ഇടിക്കട്ടകൊണ്ട് ഇടിച്ചതാകാമെന്നും മൃതദേഹം കണ്ടെത്തിയ സമയത്ത് ഒരാള്‍ പുഴയുടെ മറുകരയിലേക്ക് നീന്തി പോകുന്നത് കണ്ടതായി മൊഴിയുണ്ടെന്നും ചൂണ്ടിക്കാട്ടി വീണ്ടും ശിവഗിരി മഠാധിപതി പ്രകാശാനന്ദ രംഗത്ത് വന്നത് ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ക്രിസ്മസ് അവധി കഴിഞ്ഞ് കോടതി തുറക്കുമ്പോള്‍ ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും (വീഡിയോ ദൃശ്യം) ഉള്‍പ്പെടെ ഹാജരാക്കാന്‍ ഹൈക്കോടതി നേരത്തെ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോള്‍ സത്യസന്ധത തെളിയിച്ച ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ ചുമതല കൈമാറണമെന്ന് ആവശ്യപ്പെടാനാണ് സ്വാമിജിയുടെ കുടുംബത്തിന്റെ തീരുമാനം.

Top