വാദങ്ങള്‍ വീണ്ടും പൊളിയുന്നോ? ചൈനയില്‍ ആഗസ്റ്റില്‍ തന്നെ കൊറോണ ! യാഥാര്‍ത്ഥ്യമെന്ത്

ബോസ്റ്റണ്‍: 2019 ഓഗസ്റ്റില്‍ ചൈനയിലെ വുഹാനിലുള്ള ആശുപത്രികള്‍ക്കുമുന്നില്‍ വലിയ തോതില്‍ ഗതാഗതമുണ്ടായിരുന്നുവെന്ന് ഉപഗ്രഹചിത്രങ്ങളെ വിലയിരുത്തി ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകര്‍.

2019 ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാല്‍ അതിന് മാസങ്ങള്‍ക്കു മുന്‍പേ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്നും ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റെയ്‌ന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് നല്‍കി. കോവിഡിനു കാരണമാകുന്ന വൈറസ് വുഹാനില്‍ അന്നുതൊട്ടേയുണ്ടായിരുന്നുവെന്ന അനുമാനമാണ് പുതിയ പഠന റിപ്പോര്‍ട്ട് നല്‍കുന്ന വിവരം.

‘വുഹാനിലെ പ്രധാനപ്പെട്ട അഞ്ച് ആശുപത്രികള്‍ക്കുമുന്നിലാണ് ഉയര്‍ന്ന തോതിലുള്ള ഗതാഗതം കണ്ടത്. ഒക്ടോബറില്‍ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സാമൂഹികപരമായി എന്തോ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നു ഇതില്‍നിന്നു വ്യക്തമാണ്. സാഹചര്യത്തെളിവുകള്‍ അത്യാവശ്യമാണെങ്കിലും കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രഹസ്യാത്മകതയില്‍ പുതിയ വെളിച്ചം വീശുന്നതാണ് ആ റിപ്പോര്‍ട്ട്’ ബ്രൗണ്‍സ്റ്റെയ്ന്‍ പറയുന്നു.

സ്വകാര്യ ഉപഗ്രഹങ്ങളില്‍നിന്നുള്ളവയുള്‍പ്പെടെ 350 ചിത്രങ്ങളില്‍നിന്നാണ് ഗവേഷകസംഘം ഈ അനുമാനത്തിലെത്തിച്ചേര്‍ന്നത്. കൃത്യമായി പഠനവിധേയമാക്കിയത് 108 ചിത്രങ്ങളും. തെളിച്ചമുള്ള ഈ ചിത്രങ്ങള്‍ ഉച്ചസമയത്തേതാണെന്നും ഇതിനാല്‍ത്തന്നെ കാറുകള്‍ കൃത്യമായി എണ്ണാന്‍ കഴിഞ്ഞെന്നും ബ്രൗണ്‍സ്റ്റെയ്ന്‍ പറഞ്ഞു.

വുഹാനിലെ ഏറ്റവും വലിയ ടിയന്യൗ ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ 2018 ഒക്ടോബര്‍ 10ന് 171 കാറുകളാണ് ഉണ്ടായിരുന്നത്. പിറ്റേവര്‍ഷം ഇത് 285 കാറുകളായി 67% വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഗവേഷകരെ ഉദ്ധരിച്ച് വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇരു വര്‍ഷത്തെയും കണക്കുനോക്കുമ്പോള്‍ മറ്റു ആശുപത്രികളില്‍ ഈ സമയം 90% വരെ കാറുകളില്‍ വര്‍ധന വന്നിട്ടുണ്ട്. വുഹാനിലെ ടോങ്ജി മെഡിക്കല്‍ സര്‍വകലാശാലയില്‍ 2019 സെപ്റ്റംബര്‍ മധ്യത്തോടെ കാറുകളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി.

വുഹാനിലെ ആശുപത്രികളിലുള്ള ഉയര്‍ന്ന വാഹനപാര്‍ക്കിങ്ങും രോഗലക്ഷണങ്ങളും കൊറോണ വൈറസുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്നും ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ റിസര്‍ച്ച് പറയുന്നു. ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റില്‍ കണ്ടെത്തുന്നതിനു മുന്‍പ് കോവിഡ് ലക്ഷണങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് സാധൂകരിക്കാന്‍ ഈ തെളിവുകള്‍ക്ക് സാധിക്കുന്നുവെന്നും ഇവര്‍ വിലയിരുത്തുന്നു.

വൈറസ് ദക്ഷിണ ചൈനയില്‍ സ്വാഭാവികമായി ഉത്ഭവിച്ചതാണെന്നും വുഹാന്‍ ക്ലസ്റ്ററിന്റെ കാലത്തും വ്യാപകമായിരുന്നുവെന്നും റിസര്‍ച്ചില്‍ പറയുന്നു. അതേസമയം, ഹാര്‍വഡിന്റെ റിപ്പോര്‍ട്ട് ചൈനീസ് വിദേശകാര്യ വക്താവ് തള്ളി. വാഹനങ്ങളുടെയും ട്രാഫിക്കിന്റെയും കണക്കുവച്ച് എങ്ങനെയാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കഴിയുന്നതെന്നും അവര്‍ ചോദിച്ചു.

അതേസമയം, ഡിസംബര്‍ 31നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പാത്തൊജന്‍ വുഹാനില്‍ പടര്‍ന്നുപിടിക്കുന്നുണ്ടെന്ന് ചൈന ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) അറിയിച്ചത്. നഗരത്തില്‍ ന്യൂമോണിയ ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് വുഹാന്‍ അധികൃതര്‍ പുറത്തുവിട്ടതും. അതേസമയം, ഇങ്ങനൊരു പ്രശ്‌നം വുഹാനിലുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം നവംബര്‍ അവസാനത്തോടെ പെന്റഗണിനെ അറിയിച്ചിരുന്നു.

Top