ബാലാക്കോട്ട്: ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യുന്ന തെളിവുമായി യു.എസിലെ സ്വകാര്യ സ്ഥാപനമായ പ്ലാനറ്റ് ലാബ്‌സ്. ഇന്ത്യ വ്യോമാക്രമണം നടത്തി എട്ട് ദിവസം പിന്നിടുമ്പോഴും ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മത പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ കേടുപാടുകളില്ലാതെ നില്‍ക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പ്ലാനറ്റ് ലാബ്‌സ് പുറത്തു വിട്ടു.
ഭീകര ക്യാമ്പുകള്‍ പൂര്‍ണമായി തകര്‍ത്തെന്ന് ഇന്ത്യ വാദിക്കുന്നതിനിടെയാണ് യു.എസിലെ സ്വകാര്യ സ്ഥാപനമായ പ്ലാനറ്റ് ലാബ്‌സ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജയ്‌ഷെയുടെ മദ്രസകള്‍ പ്രവര്‍ത്തിക്കുന്ന ആറോളം കെട്ടിടങ്ങള്‍ ബലാക്കോട്ടിലുണ്ടെന്നാണ് ചിത്രം സൂചിപ്പിക്കുന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ചിത്രത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് ഇവര്‍ ഇന്ത്യയോട് ചോദിച്ചെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോംബ് വര്‍ഷത്തിന്റെ യാതൊരു വിധത്തിലുമുളള തെളിവുകള്‍ ഈ ചിത്രങ്ങള്‍ നല്‍കുന്നില്ലെന്ന് മിഡില്‍ബറി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ പ്രൊജക്ട് ഡയറക്ടര്‍ ജെഫ്രി ലൂയിസ് വ്യക്തമാക്കി.