കീവ്: റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്. യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിനായി ഒരു പള്ളിയില്‍ പണിത വലിയ കുഴിമാടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 45 അടി നീളത്തലാണ് കുഴിയെടുത്തിരിക്കുന്നത്.
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബുച്ചയിലെ ഒരു പള്ളിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ബുച്ച നഗരത്തിന്റെ തെരുവുകളില്‍ മൃതശരീരങ്ങള്‍ കാണപ്പെട്ടിരുന്നതായി സ്ഥലം സന്ദര്‍ശിച്ച റോയിറ്റേഴ്‌സിലെ മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.
മണ്ണിട്ട് മൂടിയ നിലയിലുള്ള മൃതദേഹങ്ങളില്‍ നിന്ന് കൈകള്‍ പുറത്തെക്ക് തള്ളി നില്‍ക്കുന്ന ദൃശ്യങ്ങളും കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നഗരത്തില്‍ റഷ്യന്‍ സൈന്യം കൂട്ടക്കൊലപാതകം നടത്തിയെന്ന് യുക്രൈന്‍ ഞായറാഴ്ച ആരോപിച്ചിരുന്നു.
യുക്രൈന്റെ ആരോപണത്തെ പ്രകോപനപരമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക്സര്‍ ടെക്നോളജീസാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.