വില്ലനായി വന്ന് സൂപ്പര്‍ നായികയെ സ്വന്തമാക്കിയ സത്താര്‍

വില്ലനായി വന്ന് പേരെടുത്ത് മലയാള സിനിമയില്‍ സ്വന്തമായൊരു സ്ഥാനം ഉണ്ടാക്കിയെടുത്ത ചുരുക്കം ചില നടന്മാരെ മലയാള സിനിമയില്‍ അറിയപ്പെടുന്നുള്ളു. ആ കൂട്ടത്തിലൊരാളാണ് സത്താര്‍. വില്ലനായാണ് രംഗപ്രവേശമെങ്കിലും മലയാള സിനിമയില്‍ നിന്ന് തന്നെ തന്റെ ജീവിത സഖിയെയും സത്താര്‍ കണ്ടെത്തി. മലയാള സിനിമയിലെ തന്നെ സൂപ്പര്‍ നായികയായിരുന്ന ജയഭാരതിയെയായിരുന്നു സത്താര്‍ തന്റെ പാതിയാക്കിയത്. ബീന എന്ന ചിത്രത്തിലൂടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഒന്നായി.

മലയാളത്തില്‍ തിളങ്ങി നിന്ന സുന്ദരിയായ ജയഭാരതി പലരുടേയും ഇഷ്ട നായികയായിരുന്നു. ജയഭാരതി സാത്താറിന്റെ ജീവിത പങ്കാളിയായത് പലരും അസൂയയോടെയാണ് നോക്കിക്കണ്ടത്. പിന്നീട് ഇരുവര്‍ക്കും വേര്‍പിരിയേണ്ടിവന്നത് സത്താറിന്റെ ജീവിതത്തിലെ സ്വകാര്യ സങ്കടമായി മാറിയിരുന്നു.

സിനിമയില്‍ പലപ്പോഴും ചെറുവേഷങ്ങളില്‍ ഒതുങ്ങിപ്പോയ താരമാണ് സത്താര്‍. അതിന് കാരണം തന്നെ അധ്വാനിക്കാനുള്ള മടിയായിരുന്നു. സത്താറിന് ശേഷം സിനിമയില്‍ കാലെടുത്ത് വെച്ച നടന്മാരായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായപ്പോഴും സത്താര്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയിരുന്നു. അഭിനയത്തോട് ഇവര്‍ പുലര്‍ത്തിയിരുന്ന അര്‍പ്പണ ബോധമാണ് അവരെ ഉയരങ്ങളിലേക്കെത്തിച്ചത്. ഇതായിരുന്നു സത്താറിന്റെ നിരീക്ഷണം.

ശരപഞ്ജരത്തില്‍ ജയനൊപ്പവും സത്താര്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം പുറത്തിറങ്ങിയതിന് ശേഷം ജയന്‍ അന്നത്തെ യുവാക്കളുടെ ഹരമായി മാറി. ജയന്റെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. എന്നാല്‍ കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍ ജയന്‍ മരണപ്പെട്ട വാര്‍ത്ത സത്താറിന് നല്‍കിയ മുറിവ് ചെറുതൊന്നുമായിരുന്നില്ല.

അതേസമയം നടന്‍ രതീഷിന്റെ മരണമാണ് സിനിമയോടുള്ള തന്റെ താല്‍പ്പര്യം നഷ്ടപ്പെടുത്തിയത് എന്നാണ് സത്താര്‍ പറഞ്ഞിരുന്നത്. രതീഷിന്റെ മരണം സാത്താറിന് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അമ്മയുടെ മീറ്റിങ്ങിന് പോകാന്‍ പോലും മടിയായിരുന്നെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എഴുപതുകളിലായിരുന്നു സത്താറിന്റെ പ്രതാപകാലം. എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരില്‍ ജനിച്ച സത്താര്‍ ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമയില്‍ എത്തിയത്. 1975ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് സത്താര്‍ ആദ്യമായി മുഖം കാണിച്ചത്.

1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത അനാവരണം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. എന്നാല്‍ പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് സത്താറിനെ ഏറെയും കണ്ടത്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലേക്ക് പുതുനിര നായകന്മാര്‍ കടന്നുവന്നതോടെ സത്താര്‍ ഇടവേളയിലേക്ക് കടക്കുകയായിരുന്നു. ഇതിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെയാണ് വീണ്ടും സത്താര്‍ സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. പിന്നീട് സീരിയലുകളിലും സത്താര്‍ നിറഞ്ഞുനിന്നിരുന്നു. മലയാളത്തില്‍ നിറഞ്ഞുനിന്ന സത്താര്‍ വിടവാങ്ങിയതോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് പകരം വെയ്ക്കാനില്ലാത്ത നടനെയാണ്.

Top