യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിനു പിന്നിൽ അഴിമതിയെന്ന് സതീശൻ

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനു പിന്നിൽ എൽഡിഎഫ് സർക്കാരും റെഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയും അഴിമതിയുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

പാർട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മിഷനെ സർക്കാർ സ്‌പോൺസേഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താൻ സർക്കാരിന് ഒത്താശ ചെയ്തത്. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കരാർ റദ്ദാക്കി 5 മാസത്തിനു ശേഷം പുനഃസ്ഥാപിക്കാ‍ൻ മന്ത്രിസഭ തീരുമാനിച്ചതു ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. കെഎസ്ഇബിക്കുണ്ടായ ബാധ്യത സർചാർജായി ജനങ്ങളിൽ അടിച്ചേൽപിക്കാനുള്ള നീക്കമാണു നടക്കുന്നത്. ഇത് അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.

അതേസമയം, കുറഞ്ഞ വിലയ്ക്കു 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള 4 കരാറുകൾ പുനഃസ്ഥാപിക്കുന്നതിനായി ആവശ്യമെങ്കിൽ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. പീക് ലോഡ് സമയത്തെ വൈദ്യുതി കമ്മി നികത്താൻ കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ അധികച്ചെലവു കെഎസ്ഇബി വഹിക്കേണ്ടിവരും. സ്വാഭാവികമായും ബാധ്യത ഉപയോക്താക്കളുടെ ചുമലിൽ വരാതെ വഴിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചതിനാൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഇബിയുടെ അഭിപ്രായത്തിനു വിരുദ്ധമായാണ് 4 കരാറുകൾ റദ്ദാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണു കേന്ദ്ര വൈദ്യുതി നിയമത്തിലെ 108–ാം വകുപ്പു പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചു റദ്ദാക്കൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Top