പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് സതീശന്‍

തിരുവനന്തപുരം: കുട്ടിയെ വിട്ടുകിട്ടാന്‍ അമ്മ നിരാഹാരം ഇരിക്കുന്ന സംഭവത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അനുപമയുടെ കുട്ടിയെ കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും സതീശന്‍ ആരോപിച്ചു.

ആറ് മാസങ്ങള്‍ക്ക് മുന്‍പ് പരാതി പറഞ്ഞപ്പോള്‍ മന്ത്രി വീണാ ജോര്‍ജും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും എവിടെയായിരുന്നു എന്നും, അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തമാണ് അനുപമയുടെ അവസ്ഥയ്ക്ക് കാരണമെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി നിയമം കൈയിലെടുക്കുകയാണ്, ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറി കടന്നുകൊണ്ട് പാര്‍ട്ടി നിയമം കൈയിലെടുക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഒരു പാര്‍ട്ടി നേതാവിന്റെ മകള്‍ക്ക്. അവള്‍ പ്രസവിച്ച സ്വന്തം കുഞ്ഞ് എവിടെ എന്ന് ചോദിച്ചു കൊണ്ട് സമരം നടത്തേണ്ട ഗതികേടിലാണ്.

Top