മലയാള സിനിമയിലെ തീരാ നഷ്ടം ‘ഐ.വി ശശി’യെ കുറിച്ച് ‘സത്യന്‍ അന്തിക്കാട്’

ലയാള സിനിമാ ലോകത്തെ നഷ്ടത്തെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍.

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച്, ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയ ഐ.വി ശശിയുടെ വിയോഗത്തിലുള്ള സങ്കടം അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണുവാന്‍ കഴിയും.

ഒരാള്‍ മാഞ്ഞുപോകുമ്പോഴാണ് അയാള്‍ നമുക്കെത്ര പ്രിയപ്പെട്ടതായിരുന്നുവെന്ന് മനസ്സിലാകുന്നതെന്ന് സത്യന്‍ അന്തികാട് പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍

‘ഒരാള്‍ മാഞ്ഞു പോകുമ്പോഴാണ് അയാള്‍ നമുക്കെത്ര മാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് നാം ഓര്‍ക്കുന്നത്. ലോഹിതദാസിന്റെയും ജോണ്‍സന്റെയും കൂട്ടത്തിലേക്ക് ഇപ്പോള്‍ ഐ വി ശശിയും.

കുട്ടിത്തം മാറാത്ത ചേട്ടനായിരുന്നു ഞങ്ങള്‍ക്കൊക്കെ ശശിയേട്ടന്‍. ഐ വി ശശി എന്ന ചലച്ചിത്ര മാന്ത്രികന്‍ ഒരുക്കിയ പാതയിലൂടെയാണ് ഞാനും ഫാസിലും പ്രിയനും സിബിയുമൊക്കെ സഞ്ചരിച്ചത്. അതിശയത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും. ഞങ്ങള്‍ക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ തന്നെയായിരുന്നു ശശിയേട്ടന്‍. രോഗത്തിന് പോലും അദ്ദേഹത്തെ തളര്‍ത്താനായിട്ടില്ല.

നാടോടിക്കാറ്റിന്റെയും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിന്റെയും നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ശശിയേട്ടന്‍. ഞാനും ശ്രീനിവാസനും കഥ ചര്‍ച്ച ചെയ്യാനിരിക്കുമ്പോള്‍ തിരക്കുകള്‍ക്കിടയില്‍ നിന്ന് എപ്പോഴെങ്കിലും ഓടിയെത്തും. ഞങ്ങളുണ്ടാക്കിയ സീനുകള്‍ കേട്ട് കുറേ ചിരിക്കും. വിലപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ തരും. വന്നത് പോലെ തന്നെ തിടുക്കത്തില്‍ സ്ഥലം വിടും.

അതിനിടയില്‍ എപ്പോഴോ ആണ് നാടോടിക്കാറ്റില്‍ ഒരു സീനില്‍ അഭിനയിക്കണം എന്ന് ഞാന്‍ പറയുന്നത്. മടിയായിരുന്നു. പക്ഷേ ഞാനും ശ്രീനിയും വിട്ടില്ല. ‘സ്വന്തം പടമല്ലേ..അഭിനയിച്ചേ പറ്റൂ എന്ന് സീമയെക്കൊണ്ടും പറയിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വേര്‍പാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടയില്‍ ആ രംഗം ടി വിയില്‍ കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോയി.

ഐ വി ശശി നമുക്കിടയില്‍ തന്നെയുണ്ടാകുമെന്ന് തോന്നിപ്പോകുന്നു; സിനിമയുള്ള കാലത്തോളം കാണാമറയത്ത്’.

Top