തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു.
ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ മന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യാഗ്രഹ സമരം അവസാനിപ്പിച്ചത്.
എന്നാല്‍, ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം പൊതു സമൂഹത്തിന്റെ പിന്തുണയോടെ തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കമ്മീഷന്‍ നിയമനത്തില്‍ രാഷ്ട്രീയക്കാരെ തിരുകി കയറ്റാന്‍ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണ് ഹൈക്കോടതി നീക്കം ചെയ്തത്. മന്ത്രിയെ കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സിങ്കിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് നീക്കിയത്.
ബാലാവകാശ കമ്മീഷനിലേക്കുള്ള നിയമനം റദ്ദാക്കിയ സിങ്കിള്‍ ബെഞ്ച് നടപടി നിലനില്‍ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ശൈലജയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.