പുല്‍വാമയിലെ വീഴ്ച; മോദി സർക്കാരിന്റെ അധികാരം നഷ്ടമാക്കുമെന്ന് സത്യപാൽ മല്ലിക്

ദില്ലി: ജമ്മു കശ്മീർ മുൻ ​ഗവർണ്ണർ സത്യപാൽ മല്ലിക്കിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. പുല്‍വാമയിലെ വീഴ്ച മോദി സർക്കാരിന്റെ അധികാരം നഷ്ടമാക്കുമെന്ന് സത്യപാൽ മല്ലിക് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണം. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പുല്‍വാമയിലെ വീഴ്ചയെ പറ്റി പറയരുതെന്ന് മോദി ആവശ്യപ്പെട്ടുവെന്നതില്‍ ഉറച്ച് നില്‍ക്കുന്നു. പ്രതികാരമായാണ് സിബിഐ നടപടിയും സുരക്ഷ കുറച്ചതും മോദിക്ക് അഴിമതിയോട് എതിര്‍പ്പില്ല. ഗോവയിലെ അഴിമതി തുറന്ന് പറഞ്ഞതിന് മോദി മേഘാലയിലേക്ക് മാറ്റി. റിലയൻസ് പദ്ധതിക്കായി റാം മാധവ് സമ്മർദ്ദം ചെലുത്തിയത് സിബിഐക്ക് മൊഴി നല്‍കിയതായും മല്ലിക് വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തൽ.

ഇന്നലെ സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം എത്തിയിരുന്നു. ജമ്മുകശ്മീരിലെ റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സത്യപാൽ മലിക്കിനെ ചോദ്യം ചെയ്യാനാണ് സംഘമെത്തിയതെന്നാണ് സൂചന. സോം വിഹാറിലെ സത്യപാൽ മലിക്കിന്റെ വസതിയിലാണ് രണ്ടംഗ സംഘമെത്തിയത്.

കേസിലെ സാക്ഷിയെന്ന നിലയ്ക്ക് ഹാജരാകാന്‍ മാലിക്കിനോട് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ ഗവർണറായിരിക്കെ 2018 ല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഷ്വറന്‍സുമായി സര്‍ക്കാർ ഉണ്ടാക്കിയ കരാര്‍ സത്യപാല്‍ മാലിക്ക് റദ്ദാക്കിയിരുന്നു. കരാറില്‍ അഴിമതിയുണ്ടെന്ന മാലിക്കിന്റെ ആരോപണത്തെ തുടര്‍ന്നാണ് സിബിഐ കേസെടുത്തത്.

ജമ്മു കശ്മീ‍ര്‍ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്കീമിന്റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ടും കിരു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുമുള്ള രണ്ട് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇതിൽ ഒന്നിൽ അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ പ്രതി ചേർത്തിട്ടുണ്ട്.

Top