ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ശാന്തത പാലിക്കണമെന്ന അഭ്യര്‍ഥനയുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത്. താഴ്‌വരയില്‍ ഉടനീളം പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നാണ് ഗവര്‍ണര്‍ രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.
അമര്‍നാഥ് യാത്രയ്ക്കു നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന തരത്തില്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മെഹബൂബ മുഫ്തി, ഷാ ഫൈസല്‍, സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും കശ്മീര്‍ വിടണമെന്ന് മുന്നറിയിപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക്ക് തീവ്രവാദികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടിരുന്നതായും കശ്മീരില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയത് പാക്ക് സൈന്യമാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. അമര്‍നാഥ് പാഥയില്‍ നിന്നും പിടിയിലായ ഭീകരന്റെ കൈവശം സ്നൈപ്പര്‍ റൈഫിള്‍ കണ്ടെത്തിയിരുന്നു. എം 24 അമേരിക്കന്‍ സ്നൈപ്പര്‍ റൈഫിളാണ് ഭീകരനില്‍ നിന്നും പിടിച്ചെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സേനാവക്താക്കള്‍ ഇക്കാര്യം അറിയിച്ചത്.
തീവ്രവാദികളുടെ താവളങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത എം 24 സ്‌നൈപ്പര്‍ ഗണും പാക് സൈന്യം ഉപയോഗിക്കുന്ന മൈനുകളും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൈനികര്‍ പ്രദര്‍ശിപ്പിച്ചു. കരസേന ചിനാര്‍ കമാന്‍ഡര്‍ കെജെഎസ് ധില്ലന്‍, ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ്, സിആര്‍പിഎഫ് അഡീ.ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ എന്നിവരാണ് തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.