ഖത്തറിനെതിരേ പരസ്യപ്രചരണം നടത്താന്‍ സൗദിസംഘം മുടക്കിയത് 1,38,000 ഡോളര്‍ !

ദോഹ: ഖത്തറിനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരവേ ടെലിവിഷനില്‍ പരസ്യപ്രചരണം നടത്താന്‍ അമേരിക്കയിലെ സൗദിസംഘം മുടക്കിയത് 1,38,000 ഡോളറെന്ന് റിപ്പോര്‍ട്ട്.

വെറും മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യസ്പോട്ടുകള്‍ക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്.

വാഷിങ്ടണ്‍ ഡിസിയിലെ എന്‍.ബി.സി.-ഫോര്‍ ചാനലില്‍ ജൂലായ് 23 മുതലാണ് പരസ്യം പ്രക്ഷേപണം തുടങ്ങിയത്. സൗദി അമേരിക്കന്‍ പബ്ലിക് റിലേഷന്‍ അഫയേഴ്സ് കമ്മിറ്റി (എസ്.എ.പി.ആര്‍.എ.സി.) യാണ് പരസ്യ സ്പോട്ടുകള്‍ വാങ്ങിയിരിക്കുന്നത്.

ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിലുള്ളത്. ജൂലായ് 23-ന് ഉന്നത രാഷ്ട്രീയനേതാക്കളുടെ അഭിമുഖപരിപാടിയായ ചുക്ക് ടോഡിനിടെയാണ് നാല് പരസ്യം വന്നത്. സെക്കന്‍ഡിന് ആയിരം ഡോളര്‍ നിരക്കിലാണ് പരസ്യത്തിന് തുക ഈടാക്കിയത്. ചാനലിലെ വാരാന്ത്യ വാര്‍ത്താ അധിഷ്ഠിത പരിപാടിയാണിത്.

മറ്റ് മൂന്ന് പരസ്യങ്ങള്‍ ബ്രിട്ടീഷ് ഓപ്പണ്‍ ഗോള്‍ഫ് ടൂര്‍ണമെന്റിനിടയിലാണ് വന്നത്. ആറായിരം ഡോളറാണ് ഇതിലെ ഒരു സെക്കന്‍ഡിന് ഈടാക്കിയത്. ഡിസിയില്‍ മാത്രമാണ് പരസ്യം സംപ്രേഷണം ചെയ്തതെന്നും രാഷ്ട്രീയക്കാരായ പ്രേക്ഷകരെ ലക്ഷ്യമിട്ടാണിതെന്നും റോട്ട്ഗേഴ്സ് സര്‍വകലാശാലയിലെ പ്രൊഫ. റിച്ചാര്‍ഡ് ലു അഭിപ്രായപ്പെട്ടു.

ജൂണ്‍ അഞ്ച് മുതലാണ് ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ സൗദിസഖ്യം ഉപരോധം ഏര്‍പ്പെടുത്തിയത്. സൗദിസഖ്യത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ രാജ്യം നിരസിക്കുകയും ചെയ്തു.

Top