സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്

സൗദി : യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി സൗദിയിലുടനീളം സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ സ്ഥാപിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. ടിക്കറ്റ് എടുക്കുന്നതടക്കം കമ്പനിയുടെ വിവിധ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് മെഷീനുകള്‍ വഴി ചെയ്യാന്‍ സാധിക്കും. സേവനം മികച്ചതാക്കുകയും യാത്രക്കാരുടെ സംതൃപ്തി നേടലുമാണ് പുതിയ സംവിധാനത്തിലൂടെ സൗദി എയര്‍ലൈന്‍സ് ലക്ഷ്യമിടുന്നത്.

രാജ്യത്തുടനീളം പ്രധാനപ്പെട്ട 80 ഓളം സ്ഥലങ്ങളിലാണ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. ജിദ്ദ, മദീന, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, അല്‍ഹറമൈന്‍ റെയില്‍വേ സ്റ്റേഷനുകള്‍, നിയോം വിമാനത്താവളം എന്നിവിടങ്ങളില്‍ ഇതിനോടകം പുതിയ മെഷീനുകള്‍ സ്ഥാപിച്ചു. ടിക്കറ്റ് ബുക്കിങ്, ഇഷ്യൂ ചെയ്യല്‍, സീറ്റുകള്‍ തെരഞ്ഞെടുക്കല്‍, വൈഫൈ സേവനം, ബോര്‍ഡിങ് പാസ്, ലഗേജ് കാര്‍ഡ്, അഡീഷണല്‍ ലഗേജ് വൗച്ചര്‍ തുടങ്ങിയ സേവനങ്ങള്‍ സെല്‍ഫ് സര്‍വീസ് മെഷീനിലുടെ ലഭ്യമാവും.

വെബ് പോര്‍ട്ടല്‍, സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ എന്നിവക്ക് സൗദിയ യാത്രക്കാര്‍ക്കിടയില്‍ സ്വീകാര്യത കൂടി വരികയാണ്. പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ മെഷീനുകള്‍ ഒരുക്കുന്നതെന്ന് സൗദി എയര്‍ലൈന്‍സ് കമ്മ്യൂണിക്കേഷന്‍ അസിസ്റ്റന്റ് മേധാവി ഫഹദ് ബാ ഹദീല പറഞ്ഞു. ഈ വര്‍ഷം ആദ്യ പകുതിയില്‍ അഞ്ച് ദശലക്ഷത്തിലധികം ബുക്കിങ് നടപടികളും അത്ര തന്നെ ബോര്‍ഡിങ് പാസുകളും നല്‍കിയിട്ടുണ്ട്. ഇവയില്‍ 3,40,000 ബോര്‍ഡിങ് പാസുകളും ഇഷ്യൂ ചെയ്തിരിക്കുന്നത് 30 സ്ഥലങ്ങളിലായി സ്ഥാപിച്ച സര്‍വീസ് മെഷീനുകളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top