സൗദി കിരീടാവകാശി നടത്തുന്നത് നാടകമോ? പ്രഖ്യാപനങ്ങളിലെ പൊള്ളത്തരവും വ്യക്തം

റിയാദ്: മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന കര്‍ക്കശക്കാരനായ ഭരണാധികാരിയുടെ പൊള്ളത്തരം വ്യക്തമാകുന്നു.

അഴിമതി കുറ്റത്തിന് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, പിഴ ഈടാക്കി ഇവര്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയക്കുന്നതാണ് ആക്ഷേപത്തിന് കാരണമായിരിക്കുന്നത്.

എല്ലാവര്‍ക്കും തുല്യനീതി അവകാശപ്പെടുന്ന രാജ്യത്ത് തന്റെ അപ്രമാധിത്വം ഉറപ്പിക്കാനും ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ നേടാനും മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ‘നാടക’ത്തിന്റെ താല്‍ക്കാലിക ‘ഇരകള്‍’ മാത്രമായിരുന്നു രാജകുടുംബാംഗങ്ങളത്രെ.

ഈ നടപടിക്കെതിരെ രാജകുടുംബത്തിലും സൈന്യത്തിലും ശക്തമായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിട്ടുവീഴ്ചക്ക് കിരീടാവകാശി തയ്യാറായത്.

അഴിമതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനായി 320 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 159 പേര്‍ ജയിലില്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ച മോചിതനായ മുന്‍ ദേശീയ ഗാര്‍ഡ് തലവനായിരുന്ന മിതേബ് ബിന്‍ അബ്ദുള്ള രാജകുമാരന്റെ കേസ് 6500 കോടി രൂപയുടെ കരാറിലാണ് ഒത്തുതീര്‍ത്തത്.

പണാപഹരണം, 2009ലെ ജിദ്ദ വെള്ളപ്പൊക്ക നിവാരണം എന്നിവയിലെ ക്രമക്കേടുകളെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് സൗദി ഭരണകൂടം വ്യക്തമാക്കിയിരുന്നത്.

എന്നാലിപ്പോള്‍ ഒരു വിഭാഗത്തിന് വേണ്ടി പിഴ അടപ്പിച്ച് ശിക്ഷ ലഘൂകരിച്ചതാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉദ്ധേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടാന്‍ വഴിയൊരുക്കിയിരിക്കുന്നത്.

ഐ.എസും, ഹൂതി വിമതരും ഉള്‍പ്പെടെ സൗദിക്കുള്ളിലും സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തെ സൗദി ഭരണകൂടം ഗൗരവമായി കാണുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുനര്‍വിചിന്തനം.

അതേസമയം ശിക്ഷ ‘പിഴ’യില്‍ തീര്‍ത്തെങ്കിലും മുന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രണ്ടു മക്കളെയും മറ്റ് ഉന്നതരെയും അറസ്റ്റ് ചെയ്ത നടപടി ഭാവിയില്‍ സൗദിയില്‍ ആഭ്യന്തര സംഘര്‍ഷത്തിനോ അട്ടിമറിക്കോ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top