കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി; ഉംറ നിര്‍വഹിക്കാന്‍ അനുമതി

മക്ക: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഉംറ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കാന്‍ സൗദി തീരുമാനം. ദിവസം 60,000 പേര്‍ എന്ന തോതിലാണ് നിലവില്‍ തീര്‍ഥാടകരെ അനുവദിക്കുന്നത്. ഇത് 90,000 ആക്കാനും തുടര്‍ന്ന് 1,20,000 ആക്കി വര്‍ധിപ്പിക്കാനുമാണ് തീരുമാനമെന്ന് ഹജ്ജ് ഉംറ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. എല്ലാ വകുപ്പുകളുമായും സഹകരിച്ച് മാത്രമേ ഇത് നടപ്പിലാക്കുകയുള്ളൂ എന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് വസാന്‍ വ്യക്തമാക്കി.

ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം ആഗസ്ത് ഒന്‍പത് മുതലാണ് വിദേശത്തു നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയത്. വര്‍ഷത്തില്‍ എല്ലാ സമയത്തും നിര്‍വഹിക്കാവുന്ന കര്‍മമാണ് ഉംറ തീര്‍ഥാടനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് മാസത്തിലേറെ പൂര്‍ണമായും നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം കഴിഞ്ഞ ഒക്ടോബറിലാണ് നിയന്ത്രിത തോതില്‍ പുനരാരംഭിച്ചത്.

ഒക്ടോബര്‍ നാലിന് 6,000 തീര്‍ഥാടകര്‍ക്കു മാത്രമായിരുന്നു ഒരു ദിവസം ഉംറ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു.  കൊവിഡ് വ്യാപനം നിയന്ത്രണാതീതമാവുകയും വാക്സിനേഷന്‍ ശക്തമായി പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അധികൃതര്‍.

അതേസമയം, കൂടുതല്‍ പേര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല.

 

Top