മൊഡേണ വാക്‌സിനും അംഗീകാരം നല്‍കി സൗദി

റിയാദ്: കൊവിഡിനെതിരായ മൊഡേണ പ്രതിരോധ വാക്‌സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റി അംഗീകാരം നല്‍കി. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് വാക്‌സിനായിരിക്കുകയാണ് മൊഡേണ.

നിലവില്‍ ആസ്ട്രസെനിക, ഫൈസര്‍ ബയോഎന്‍ടെക്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്‌സിനുകള്‍ക്കായിരുന്നു സൗദി അറേബ്യയില്‍ ഔദ്യോഗിക അംഗീകാരമുണ്ടായിരുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇനി മൊഡേണ വാക്‌സിന്റെ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ആരംഭിക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോരിറ്റി അറിയിച്ചു. രാജ്യത്തേക്ക് കൊണ്ടുവരുന്ന വാക്‌സിനുകളുടെ സാമ്പിള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും.

മൊഡേണ കമ്പനി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശിക, അന്താരാഷ്ട്ര തലങ്ങളില്‍ വിദഗ്ധരുമായി നിരവധി തവണ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു. കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അധികൃതരുടെ അന്വേഷണങ്ങള്‍ക്കും മറുപടി ലഭിച്ചു. 19.2 ദശലക്ഷം ഡോസ് വാക്‌സിനുകളാണ് സൗദി അറേബ്യയില്‍ ഇതുവരെ നല്‍കിക്കഴിഞ്ഞത്.

 

Top