റിയാദ്: സൗദിയില്‍ കൊവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് എടുത്ത എല്ലാവര്‍ക്കും രണ്ടാം ഡോസിന് അപ്പോയിന്റ്‌മെന്റ് നല്‍കിത്തുടങ്ങി. മൊഡേണ വാക്‌സിന്‍ കൂടി വിതരണം ആംഭിച്ചതോടെയാണിത്. നിലവില്‍ 40 വയസ്സിന് മുകളിലുള്ളവര്‍ക്കു മാത്രമാണ് കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വിതരണം ചെയ്തിരുന്നത്.
എന്നാല്‍ വാക്‌സിനേഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ പ്രായത്തില്‍പ്പെട്ടവര്‍ക്കും രണ്ടാം ഡോസ് വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വിഹത്തീ, തവക്കല്‍നാ ആപ്ലിക്കേഷനുകള്‍ വഴി രണ്ടാം ഡോസ് ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓസ്‌ഫോര്‍ഡ് ആസ്ട്രസെനക്ക, മൊഡേണ എന്നീ വാക്‌സിനുകളാണ് വിതരണം ചെയ്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് നൊഡേണ വാക്സിന് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കിയത്. അതേസമയം, എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും എല്ലാ വാക്‌സിനുകളും ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ആപ്പ് വഴി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഏത് വാക്‌സിനാണ് അപ്പോയിന്റ്‌മെന്റ് ലഭിച്ചത് എന്ന് മനസ്സിലാക്കാന്‍ കഴിയും. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന ക്യുആര്‍ കോഡ് നീല പ്രതലത്തിലാണെങ്കില്‍ ഫൈസര്‍ ബയോണ്‍ടെക് ആയിരിക്കും വാക്‌സിന്‍. ഓറഞ്ചാണെങ്കില്‍ ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്കയും മെറൂണ്‍ ആണെങ്കില്‍ മൊഡേണയും ആയിരിക്കും. ഒരാള്‍ ഉദ്ദേശിച്ച വാക്‌സിന്‍ ലഭിക്കച്ചില്ലെങ്കില്‍, അപ്പോയിന്റ്‌മെന്റ് റീ ഷെഡ്യൂള്‍ ചെയ്യാന്‍ ഇതില്‍ അവസരുണ്ട്.
അതേസമയം, ഒന്നാം ഡോസ് എടുത്ത വാക്സിന്റെ തന്നെ രണ്ടാം ഡോസ് എടുക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിന്‍ ഇടകലര്‍ത്തി നല്‍കാന്‍ മന്ത്രാലയം നേരത്തേ അംഗീകാരം നല്‍കിയിരുന്നു. ആദ്യ ഡോസ് ഏത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രണ്ടാം ഡോസായി മറ്റ് വാക്‌സിനുകള്‍ സ്വീകരിക്കാം. അത് തികച്ചും ഫലപ്രദമാണെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സിന്‍ ക്ഷാമം കാരണം കഴിഞ്ഞ ഏപ്രിലില്‍ രണ്ടാം ഡോസ് വിതരണം നീട്ടിവച്ചിരുന്നു. തുടര്‍ന്ന് വാക്സിന്റെ ലഭ്യത അനുസരിച്ച് വ്യത്യസ്ത പ്രായത്തിലുള്ള വിഭാഗങ്ങള്‍ക്ക് രണ്ടാം ഡോസ് നല്‍കിവരികയായിരുന്നു.
അതിനിടെ, രാജ്യത്ത് 587 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി ഇതുവരെ 1.9 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. 23 ലക്ഷത്തോളം പേര്‍ ഇതുവരെ രണ്ടാം ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.