റിയാദ്: സ്‌കൂളുകളില്‍ മൊബൈല്‍ ദുരുപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ഏതെങ്കിലും വനിതാ, പുരുഷ അധ്യാപകരുടെ ചിത്രം അനുവാദമില്ലാതെ മൊബൈലില്‍ പകര്‍ത്തുന്ന വിദ്യാര്‍ഥിക്ക് ഒരു മാസത്തേക്ക് ക്ലാസ്സില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്നാണ് മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമം ബാധകമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ അച്ചടക്ക നടപടിയുടെ ഭാഗമായി നിര്‍ബന്ധിത സാമൂഹ്യ സേവനത്തിന് അയക്കുകയും ചെയ്യും. രക്ഷിതാക്കളുടെ അനുവാദത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും ഇതെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സ്വഭാവ സംസ്‌ക്കരണം ലക്ഷ്യമിട്ടാണ് സ്‌കൂളിലും പുറത്തും പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
കുട്ടികളിലുണ്ടാകുന്ന സ്വഭാവ വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണിത്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൈക്കൊള്ളേണ്ട വിവിധ നടപടിക്രമങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളില്‍ നിന്നുണ്ടാവുന്ന തെറ്റായ പ്രവണതകളും അവ പരിഹരിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും കൃത്യമായി രേഖപ്പെടുത്തി വയ്ക്കാനും വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.