സൗദിയെ ആക്രമിക്കാൻ വന്‍ ഐ.സ് പദ്ധതി ! രണ്ടു ഭീകരർ കൊല്ലപ്പെട്ടു, പക്ഷേ ഇനിയും . . .

റിയാദ്: ലക്ഷകണക്കിന് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ താമസിക്കുന്ന സൗദി അറേബ്യ പിടിച്ചെടുക്കാന്‍ ഐ.എസ് പദ്ധതി.

വിശുദ്ധ പുണ്യസ്ഥലമായ മക്ക സ്ഥിതി ചെയ്യുന്ന രാജ്യം പിടിച്ചെടുത്ത് ‘യഥാര്‍ത്ഥ’ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന് പറയുന്ന ഐ.എസ് ഭീകരര്‍ സൗദി പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ആക്രമണത്തിന് തുനിഞ്ഞത് അറബ് രാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ആക്രമണം മുന്‍കൂട്ടി കണ്ടെത്തി രണ്ടു ഭീകരരെ വധിക്കാനും അഞ്ചു പേരെ കസ്റ്റഡിയിലെടുക്കാനും സൗദിയിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഭീഷണി പൂര്‍ണ്ണമായും മാറിയിട്ടില്ല.

നിരവധി ഐ.എസ് ഭീകരര്‍ ഇപ്പോഴും സൗദിയിലെ വിവിധ മേഖലകളില്‍ ഉണ്ടെന്നാണ് അനുമാനം.

ഇതേ തുടര്‍ന്ന് വിദേശ എംബസികളിലടക്കം ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി.

യെമനിലും, സിറിയയിലും, ഇറാഖിലും താണ്ഡവമാടിയ ഐ.എസ് ഭീകരത ഗള്‍ഫ് രാജ്യങ്ങളുടെ നായകസ്ഥാനം വഹിക്കുന്ന സൗദിയിലേക്ക് എത്തിയത് വലിയ ഭീതിയാണ് ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്

ബുധനാഴ്ച റിയാദില്‍ മൂന്നു സ്ഥലത്തുനടത്തിയ റെയ്ഡിലാണ് പ്രതിരോധ മന്ത്രാലയം ആക്രമിക്കാന്‍ പദ്ധതിയിട്ട ഭീകരരെ വധിച്ചത്.

സൗദിയില്‍ പുതിയതായി രൂപീകരിച്ച പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമാണ് റെയ്ഡ് നടത്തിയതെന്നാണ് ഔദ്യോഗിക ടെലിവിഷന്‍ വിശദീകരണം.

പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള പദ്ധതിയെക്കുറിച്ച് കഴിഞ്ഞ മാസമാണ് സുരക്ഷാ സേനയ്ക്കു സൂചന ലഭിക്കുന്നത്. രണ്ടുവീതം യെമന്‍, സൗദി പൗരന്മാരാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കര്‍ശന നിരീക്ഷണമാണ് സൗദിയിലെങ്ങും ഏര്‍പ്പെടുത്തിയിരുന്നത്.

ഭീകരന്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ റിയാദിലെ അല്‍ റിമലിലെ കെട്ടിടത്തില്‍ സുരക്ഷാ സേന പരിശോധന നടത്തിയവെ ഒരു ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കെട്ടിടത്തിലായിരുന്നു ചാവേറുകള്‍ക്കു ധരിക്കാനുള്ള ബോംബുകള്‍ ഘടിപ്പിക്കാവുന്ന പ്രത്യേക വസ്ത്രവും മറ്റു സ്‌ഫോടക വസ്തുക്കളും നിര്‍മിച്ചിരുന്നത്.

രണ്ടാമത്തെ ഭീകരനെ പടിഞ്ഞാറന്‍ ജില്ലയായ അല്‍ – നമാറിലെ അപ്പാര്‍ട്‌മെന്റില്‍ സൈന്യം വധിക്കുകയായിരുന്നു. ഇവിടെ ഇയാള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയിരുന്നു

മൂന്നാമത്തെ റെയ്ഡ് നടന്നത് തെക്കന്‍ റിയാദിലെ അല്‍ ഘനാമിയ പ്രദേശത്താണ് നടന്നത്. ഇവിടെനിന്ന് ആയുധങ്ങളും ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.

ഇവിടെയുള്ള കുതിരലായം ഐഎസിന്റെ ആസ്ഥാനം പോലെയാണു പ്രവര്‍ത്തിച്ചിരുന്നതെന്നും ഔദ്യോഗിക ടിവി അറിയിച്ചു.

ഇതിന്റെ ദൃശ്യങ്ങള്‍ ടിവിയിലൂടെ പുറത്തുവിട്ടിരുന്നു. ഇവയ്‌ക്കൊപ്പം കത്തിയമര്‍ന്ന കാറിന്റെ ചിത്രവും ആദ്യ ഭീകരന്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നു തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ഐ.എസ് ഭീകരര്‍ക്കായി വ്യാപകമായ റെയ്ഡുകള്‍ സൗദിയിലെങ്ങും തുടരുകയാണ്.

Top