സൗദിയില്‍ സ്വദേശിവത്ക്കരണം മത്സ്യബന്ധനമേഖലയിലേക്കും

സൗദി: സൗദിയിലെ മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ട പരിശീലനം സെപ്റ്റംബറില്‍ തുടങ്ങും. മത്സ്യ ബന്ധന മേഖലയിലേയും തുറമുഖത്തേയും വിവിധ ജോലികളില്‍ മികവുള്ളവരെ വളര്‍ത്തിയെടുക്കയാണ് ലക്ഷ്യം.

ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായി പുതിയ തൊഴില്‍ മേഖല കണ്ടെത്താനാണ്‌ സൗദി ഭരണകൂടം ഒരുങ്ങുന്നത്. മത്സ്യ ബന്ധന മേഖലയിലും അനുബന്ധ ജോലികളിലും സ്വദേശി സാന്നിധ്യം കൂട്ടുകയാണ് ലക്ഷ്യം. സൗദി പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

തൊഴില്‍ സാമൂഹിക വികസന വകുപ്പുമായി സഹകരിച്ചാണ് പദ്ധതി വരുന്നത്. മേഖലയില്‍ മികവ് തെളിയിക്കുന്നവരെ വാര്‍ത്തെടുത്ത് ജോലി നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹ്മദ് ബിന്‍ അലി അല്‍ ഇദായ അറിയിച്ചു. ബോധവത്കരണം, തുറമുഖ സജ്ജീകരണം, ചരക്ക് നീക്കം, മത്സ്യബന്ധന രീതികള്‍ എന്നിവയാണ് ആദ്യഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നത്. ആദ്യഘട്ട പരിശീലനത്തിന്റെ അടിസ്ഥാനത്തിലാകും ഭാവി പരിപാടികള്‍ നടപ്പിലാക്കുന്നത്.

Top