വാട്സ്ആപ്പിലൂടെ പ്രതിഷേധിച്ച ആളെ പോലും വിട്ടില്ല; 184 വധശിക്ഷകള്‍ നടപ്പാക്കി സൗദി!

ഴിഞ്ഞ വര്‍ഷം സൗദി അറേബ്യ 184 പേരുടെ വധശിക്ഷ നടപ്പാക്കിയതായി ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ അറസ്റ്റിലായ യുവാവിനെ ഉള്‍പ്പെടെയാണ് സൗദി വധിച്ചത്. ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വധശിക്ഷയാണ് രാജ്യത്തെ സര്‍ക്കാര്‍ നടപ്പാക്കിയത്. ജനാധിപത്യ പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്തിന് അറസ്റ്റിലായ മൂന്ന് കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് വധശിക്ഷയ്ക്ക് വിധേയരായത്.

16ാം വയസ്സില്‍ ഒരു പ്രതിഷേധ പ്രകടനം സംബന്ധിച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന് അറസ്റ്റിലായ അബ്ദുള്‍കരീം അല്‍ ഹവാജിനെ ഇലക്ട്രിക് ഷോക്ക് നല്‍കി പീഡിപ്പിച്ച ശേഷമാണ് തലവെട്ടി കൊന്നത്. ഭീകരവാദ കുറ്റങ്ങള്‍ അടിച്ചേല്‍പ്പിച്ചാണ് അബ്ദുള്‍കരീം ഉള്‍പ്പെടെ 36 പേരുടെ വധശിക്ഷ ഏപ്രില്‍ മാസത്തില്‍ ഒരൊറ്റ ദിവസം നടപ്പാക്കിയത്. ഒരു വ്യക്തിയെ കുരിശിലേറ്റി മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പായി പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചു.

വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനത്തിനായി പോകവെ യുഎസിലേക്കുള്ള വിമാനത്തില്‍ അറസ്റ്റിലായ 17കാരനും വധിക്കപ്പെട്ടു. 18ാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയാണ് മറ്റൊരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര നിയമം അനുസരിച്ച് 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിയമവിരുദ്ധമാണ്.

എന്നാല്‍ സൗദി അറേബ്യ ഈ നിയമത്തിന് വിലകല്‍പ്പിക്കാതെ വധശിക്ഷയുമായി മുന്നോട്ട് പോകുകയായിരുന്നു. വധശിക്ഷകള്‍ റെക്കോര്‍ഡിലേക്ക് കുതിച്ചതോടെ സൗദിക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണ് ഇതിനെതിരെ പ്രതിഷേധിക്കുന്ന സംഘടനകള്‍. രാജാവിനോട് അനുസരണക്കേട് കാണിക്കല്‍, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന ബാനറുകള്‍ തയ്യാറാക്കല്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവയെല്ലാം സൗദിയില്‍ ഭീകരവാദ കുറ്റങ്ങളില്‍ ഉള്‍പ്പെടും.

Top