എയർ ഇന്ത്യയുടെ വിമാനങ്ങൾക്കു സൗദി അറേബ്യ വ്യോമപാത നൽകും ; നെതന്യാഹു

netanyahu

ജെറുസലേം : ഇസ്രയേലിലേയ്ക്ക് പറക്കാൻ എയർ ഇന്ത്യയുടെ വിമാനങ്ങൾക്ക് സൗദി അറേബ്യ വ്യോമപാത തുറന്നു നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവിലേക്കും തിരിച്ചും പറക്കുന്നതിനുള്ള അനുവാദമാണ സൗദി അറേബ്യ നൽകിയിരിക്കുന്നത്.

എന്നാൽ സൗദി അധികൃതർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കൻ പ്രസി‍‍ഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇസ്രയേൽ റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു നെതന്യാഹു.

സൗദി അറേബ്യ ഇസ്രയേലിനെ അംഗീകരിക്കുന്നില്ലെങ്കിലും എഴുപതുവർഷം പഴക്കമുള്ള വ്യോമപാത തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ ഈ മേഖലയിൽ ഇറാന്റെ സാന്നിധ്യം ശക്തമാക്കുന്നത് ഇരുരാജ്യങ്ങൾക്കും വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.

മൂന്നാഴ്ചയിൽ ഒരിക്കൽ ടെൽ അവീവിലേക്ക് സൗദിക്കു മുകളിലൂടെ വിമാന സർവീസ് നടത്താൻ എയർ ഇന്ത്യ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ റിയാദിലെ വ്യോമയാന മന്ത്രാലയം അനുമതി നൽകാത്തതിനാൽ ഇതു നടപ്പായിരുന്നില്ല.

നിലവിൽ ഇസ്രയേലിന്റെ ടെൽ അവീവ് – മുംബൈ വിമാനങ്ങൾ ഏഴു മണിക്കൂർ സമയമെടുത്താണ് ഇന്ത്യയിലെത്തുന്നത്. ചെങ്കടൽ, ഗൾഫ് ഓഫ് ഏദൻ എന്നിവ കടന്നുവേണം വിമാനങ്ങൾക്ക് ഇന്ത്യയിലെത്താൻ. ടെൽ അവീവിൽനിന്നു നേരെ പറന്നാൽ സൗദി അറേബ്യ, യുഎഇ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെ ഇന്ത്യയിലേക്കു വേഗത്തിൽ എത്താൻ കഴിയും.

Top