മാന്ദ്യം മറികടന്ന് സ്വര്‍ണവിപണിയിലും പണിമിടപാടുസ്ഥാപനങ്ങളിലും തിരക്കേറുന്നു

gold rate

സൗദി:അവധിക്കാലവും രൂപയുടെ മൂല്യം കുറഞ്ഞതും മൂലം ജ്വല്ലറികളിലും പണിമിടപാടു സ്ഥാപനങ്ങളിലും വന്‍ തിരക്ക്. കഴിഞ്ഞ മാസങ്ങളില്‍ നില നിന്നിരുന്ന മാന്ദ്യം മറികടക്കാന്‍ കഴിഞ്ഞതിന്റെ കൂടി സംതൃപ്തിയിലാണ് ജ്വല്ലറികളും, പണമിടപാട് സ്ഥാപനങ്ങളും.

ചരിത്രത്തില്‍ ഏക്കാലത്തെയും കുറഞ്ഞ നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍ വര്‍ധനയാണുള്ളത്. രൂപയുടെയും സ്വര്‍ണത്തിന്റെയും വിലയിടിയല്‍ പ്രവണത തുടരുമെന്ന വിലയിരുത്തലും വിപണിക്ക് ആവേശം നല്‍കുന്നു. മൂന്നു ദിവസങ്ങളിലായി ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്‌സ്‌ചേഞ്ചുകളിലും സ്വര്‍ണാഭരണ ശാലകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

18.65 എന്നതാണ് യു.എ.ഇ ദിര്‍ഹത്തിനു പകരം ലഭിക്കുന്നത്. മറ്റു ഗള്‍ഫ് കറന്‍സികള്‍ക്കും മികച്ച മൂല്യം ലഭിക്കുന്നുണ്ട്. ശമ്പളം ലഭിക്കുന്ന സമയമായതിനാല്‍ നാട്ടിലേക്ക് പണം അയക്കാന്‍ എല്ലാവരും ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തുകയാണ്.

വന്‍ തുക കൈവശമുള്ളവരും നിക്ഷേപകരും കൂടുതല്‍ മികച്ച തുകക്കായി കാത്തിരിക്കുകയും ചെയ്യുന്നു. ക്രൂഡോയിലിന്റെ ഉയര്‍ന്ന വിലയാണ് രൂപയുടെ മൂല്യത്തകര്‍ച്ചക്ക് പ്രധാന കാരണം.

സ്‌കൂളുകള്‍ അടച്ച് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന വേളയില്‍ സ്വര്‍ണ വില ഇടിഞ്ഞത് സ്വര്‍ണ വിപണിയിലും ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ആദ്യം മുതല്‍ മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യു.എ.ഇ സൗദി സ്വര്‍ണ വിപണികളില്‍ വില്‍പന കുറഞ്ഞിരുന്നു.

Top