സൗദി അറേബ്യയില്‍ ജോലി തേടുന്നവരില്‍ എണ്‍പത് ശതമാനത്തിലേറെയും വനിതകളെന്ന്

saudi womens

സൗദി : സൗദി അറേബ്യയില്‍ ജോലി തേടുന്നവരില്‍ എണ്‍പത് ശതമാനത്തിലേറെയും വനിതകളെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് വനിതാ ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയവരുള്‍പ്പെടെ 9 ലക്ഷം വനിതകളാണ് തൊഴില്‍ കാത്തിരിക്കുന്നത്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഔദ്യോഗിക കണക്കിലാണ് വനിതാ മുന്നേറ്റം സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ ഉദ്യോഗാര്‍ഥികളായി ഉള്ളത് 11 ലക്ഷത്തോളം പേരാണ്. ഇതില്‍ 8,99,000 വനിതാ ഉദ്യോഗാര്‍ഥികളാണ് രാജ്യത്തുള്ളത്. 1,73,000 പുരുഷ ഉദ്യോഗാര്‍ഥികളും.

തൊഴില്‍രഹിതരില്‍ 26.8 ശതമാനവും ഒരു വര്‍ഷത്തിലേറെയായി തൊഴിലന്വേഷണത്തിലാണ്. 45 ശതമാനം ജോലി അന്വേഷിക്കാന്‍ തുടങ്ങിയത് ആറു മാസത്തിനിടെയാണ്. തൊഴില്‍രഹിതരില്‍ 31.1 ശതമാനം സിവില്‍ സര്‍വീസ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തു. രാജ്യത്തൊട്ടാകെ തൊഴില്‍ തേടുന്നവരില്‍ ആറ് ലക്ഷത്തോളം പേര്‍ യൂണിവേഴ്‌സിറ്റി ബിരുദധാരികളാണ്. ഇവരില്‍ ഭൂരിഭാഗവും വനിതകളാണ്. പുരുഷന്മാര്‍ക്കിടയില്‍ 7.6 ശതമാനവും വനിതകള്‍ക്കിടയില്‍ 30.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓടെ തൊഴിലില്ലായ്മ 9 ശതമാനത്തിലെത്തിക്കും. ഇതിനായി സ്വദേശിവത്കരണ നടപടി ഇനിയും ശക്തമായി തുടരാനാണ് സാധ്യതയുള്ളത്.

Top