ടാക്സിയിൽ പുകവലിച്ചാൽ 500 റിയാൽ പിഴ ചുമത്തുമെന്ന് സൗദി

സൗദി അറേബ്യയില്‍ ടാക്സി കാറുകള്‍ക്കുള്ളില്‍ ഡ്രൈവര്‍മാര്‍ പുകവലിക്കുകയോ യാത്രക്കാരെ പുകവലിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ 500 റിയാല്‍ പിഴ ചുമത്തും. പബ്ലിക് ടാക്സികളും വ്യക്തികള്‍ക്കു കീഴിലെ ടാക്സികളുമായും ബന്ധപ്പെട്ട 35 നിയമ ലംഘനങ്ങള്‍ പൊതുഗതാഗത അതോറിറ്റി നിര്‍ണയിച്ചു. ഈ നിയമ ലംഘനങ്ങള്‍ക്ക് 500 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ലഭിക്കും. അംഗീകാരമുള്ള സ്ഥാപനങ്ങള്‍ സാങ്കേതികമായി സജ്ജീകരിച്ച ശേഷം ടാക്സികളില്‍ എന്തെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തല്‍, മുഴുവന്‍ അംഗീകൃത സാങ്കേതിക സജ്ജീകരണങ്ങളും ടാക്സികളില്‍ ഏര്‍പ്പെടുത്താതിരിക്കല്‍, അംഗീകൃത പ്രവര്‍ത്തന കാലാവധിയില്‍ കൂടുതല്‍ കാലം കാര്‍ ഉപയോഗിക്കല്‍, അതോറിറ്റി നിര്‍ണയിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളുമായി ടാക്സിയെ ബന്ധിപ്പിക്കാതിരിക്കല്‍, ലൈസന്‍സ് ലഭിക്കാത്തവര്‍ ടാക്സി ഓടിക്കല്‍, വിദേശ ടാക്സികള്‍ സൗദിയിലെ നഗരങ്ങള്‍ക്കകത്തും നഗരങ്ങള്‍ക്കിടയിലും സര്‍വീസ് നടത്തല്‍-രജിസ്റ്റര്‍ ചെയ്തതല്ലാത്ത രാജ്യത്തേക്ക് സര്‍വീസ് നടത്തല്‍, ലൈസന്‍സ് റദ്ദാക്കിയ ശേഷം കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ റദ്ദാക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 5,000 റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്നും പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

Top