റിയാദ്: യെമനിലുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. യെമനിലെ ഏദന്‍ ഗവര്‍ണറുടെയും ഫിഷറീസ് മന്ത്രിയുടെയും വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഞായറാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്. ആറുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിയമാനുസൃത യെമന്‍ സര്‍ക്കാരിനെതിരെ മാത്രമല്ല, സമാധാനവും സ്ഥിരതയും സമൃദ്ധിയും ആഗ്രഹിക്കുന്ന മുഴുവന്‍ യെമന്‍ ജനതയ്ക്ക് നേരെയുമാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദി അറേബ്യ ആദ്യം മുതല്‍ യെമനിനും യെമന്‍ ജനതയ്ക്കും ഒപ്പമാണ് നിലകൊള്ളുന്നത്. അത് തുടരും. അണികളെ ഒന്നിപ്പിക്കാനും ഭീകരതയെ നേരിടാനും സുരക്ഷയും സ്ഥിരതയും കൈവരിക്കാനും രാജ്യം പുനര്‍നിര്‍മ്മിക്കാനും റിയാദ് കരാര്‍ നടപ്പിലാക്കണമെന്ന് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.