ചൈനയുമായുളള എണ്ണ വ്യാപാരത്തെ തുടര്‍ന്ന് കറന്‍സി മാറുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദി

റിയാദ്: ചൈനയുമായുളള എണ്ണ വ്യാപാരത്തെ തുടര്‍ന്ന് കറന്‍സി മാറുമെന്ന വാര്‍ത്ത നിഷേധിച്ച് സൗദി അറേബ്യ. യുഎസ് ഡോളറിന് പകരം ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കുന്നതിനായി സൗദി അറേബ്യ പഠനം നടത്തുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.

കറന്‍സി മാറ്റത്തെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. മറ്റു രാജ്യങ്ങളുമായുളള എണ്ണ വ്യാപാരത്തിന് യുഎസ് ഡോളറാണ് സൗദി ഉപയോഗിക്കുന്നത്. ആഗോള വിപണിയിലും ഡോളറാണ് ഉപയോഗിക്കുന്നത്. ഇതിനിടെയാണ് എണ്ണ വ്യാപാരത്തിനായി യുവാന്‍ കറന്‍സി ഉപയോഗിക്കുന്നതിനെക്കുറിച്ച് സൗദിക്കും ചൈനക്കുമിടയില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടത്തുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തക്ക് പിന്നാലെ ചൈനീസ് കറന്‍സിയായ യുവാനിന്റെ മൂല്യം വര്‍ധിച്ചിരുന്നു.

സൗദിയെ കൂടാതെ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുളള എണ്ണ ഇടപാടുകളില്‍ യുവാന്‍ കൊണ്ടുവരാന്‍ ചൈന ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യുഎസ് ഡോളറിന് ഒരു ഭീഷണിയായി ചൈനീസ് യുവാന്‍ കൊണ്ടുവരുമെന്ന അഭ്യൂഹങ്ങളുമുയര്‍ന്നിരുന്നു.

Top