എണ്ണയുല്‍പാദനം വെട്ടിക്കുറയ്ക്കുന്ന നടപടി മാര്‍ച്ച് വരെ നീട്ടി സൗദി അറേബ്യ

റിയാദ്: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിന എണ്ണയുല്‍പാദനം 10 ലക്ഷം ബാരല്‍ വീതം വെട്ടികുറയ്ക്കുന്നത് 2024 വര്‍ഷം മാര്‍ച്ച് വരെ തുടരാന്‍ തീരുമാനിച്ചു. ഊര്‍ജ വില വര്‍ധിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ഈ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച വെട്ടികുറയ്ക്കല്‍ തീരുമാനം ഈ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് അടുത്ത മൂന്നു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.

വെട്ടിക്കുറച്ചതിന് ശേഷം പ്രതിദിന ആഭ്യന്തര ഉത്പാദനം 90 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതേ നില മാര്‍ച്ച് വരെ തുടരാനാണ് തീരുമാനമെന്ന് ഊര്‍ജ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സൗദിയോടൊപ്പം നിരവധി ഒപക് പ്ലസ് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ സന്നദ്ധമായതോടെ 2024 മാര്‍ച്ച് വരെ പ്രതിദിനം കുറവ് വരുന്നത് 22 ലക്ഷം ബാരലാവും. റഷ്യ അഞ്ച് ലക്ഷവും ഇറാഖ് 2.23 ലക്ഷവും യു.എ.ഇ 1.63 ലക്ഷവും കുവൈത്ത് 1.35 ലക്ഷവും കസാഖിസ്താന്‍ 82,000ഉം അള്‍ജീരിയ 51,000ഉം ഒമാന്‍ 42,000ഉം ബാരല്‍ എണ്ണയാണ് കുറവ് വരുത്തുന്നത്. 2024 തുടക്കത്തില്‍ ബ്രസീലും ഈ നിരയിലേക്ക് വരുമെന്ന് ഒപക് പ്ലസ് വൃത്തങ്ങള്‍ അറിയിച്ചു.

Top