റിയാദ്: സൗദിയിലെ മുതിര്‍ന്ന ജനങ്ങളില്‍ 70 ശതമാനം പേരും ഇതിനകം കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 587 വാക്സിനേഷന്‍ സെന്ററുകള്‍ വഴി ഇതിനകം 16.8 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. രാജ്യത്തെ കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ ശേഷി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ക്ക് ഒന്നാം ഡോസ് നല്‍കുന്നതിന്റെ ഭാഗമായി രണ്ടാം ഡോസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ കൂടുതല്‍ വാക്സിന്‍ ബാച്ചുകള്‍ എത്തിച്ചേര്‍ന്നതോടെ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും രണ്ടാം ഡോസ് വിതരണം ഇതിനകം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. ഇന്ന് മുതല്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വിതരണം ആരംഭിക്കും.
ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം പിന്നിട്ടവര്‍ക്കാണ് ഇതിന് അര്‍ഹതയുണ്ടായിരിക്കുക. വാക്സിന്റെ ലഭ്യതക്കനുസരിച്ച് മറ്റു പ്രായ പരിധിയിലുള്ളവര്‍ക്കും നല്‍കും. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഇപ്പോഴും അത് സ്വീകരിക്കാന്‍ അവസരമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയില്‍ ഒരാള്‍ക്ക് തന്നെ വ്യത്യസ്ത കമ്പനികളുടെ രണ്ട് ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകള്‍ മാത്രമാണ് ഇങ്ങനെ സ്വീകരിക്കാനാകുക. ഇതുമായി ബന്ധപ്പെട്ട് പഠനം നടന്ന് വരുന്നതായി നേരത്തെ സൗദി ആരോഗ്യ മന്ത്രാലം നേരത്തേ അറിയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദേശീയ പകര്‍ച്ചവ്യാധി പ്രതിരോധ കമ്മിറ്റി വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കാന്‍ അനുമതി നല്‍കിയത്. രണ്ട് കമ്പനികളുടെ വാക്‌സിനുകള്‍ സ്വീകരിക്കുന്നത് ഫലപ്രദവും സുരക്ഷിതവുമാണെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി.