സൈനിക വ്യവസായത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ലക്ഷ്യമിട്ട്‌ സൗദി

സൈനിക വ്യവസായത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. അടുത്ത പത്ത് വര്‍ഷത്തിനിടെ ഇരുപത് ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തുമെന്നാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തരമായി കൂടുതല്‍ ആയുധങ്ങളും സൈനിക സംവിധാനങ്ങളും വികസിപ്പിക്കുകയാണ് ലക്ഷ്യം. അബുദബിയില്‍ നടന്ന അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിലാണ് സൌദി ഇക്കാര്യം അറിയിച്ചത്.

അടുത്ത പത്ത് വര്‍ഷത്തില്‍ ആഭ്യന്തര സൈനിക വ്യവസായത്തില്‍ 20 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്താനാണ് സൗദിയുടെ താരുമാനമെന്ന് സൗദിയുടെ സൈനിക വ്യവസായ റെഗുലേറ്റര്‍ മേധാവി പറഞ്ഞു. സൈനിക ചെലവ് പ്രാദേശിക അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. ഇതോടെ ആഭ്യന്തരമായി കൂടുതല്‍ ആയുധങ്ങളും സൈനിക സംവിധാനങ്ങളും വികസിപ്പിക്കാനും നിര്‍മ്മിക്കാനും സൗദിക്ക് സാധിക്കും.

2030ഓടെ സൈനിക ബജറ്റിന് അമ്പത് ശതമാനവും പ്രാദേശികമായി ചെലവഴിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തില്‍ സൗദി അറേബ്യയിലെ സൈനിക വ്യവസായത്തില്‍ 10 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ഗവേഷണത്തിനും വികസനത്തിനുമായി തുല്യമായ തുക നല്‍കുമെന്നും സൌദിയുടെ വിഷന്‍ 2030 പദ്ധതിയിലുണ്ട്.

2030ഓടെ സൈനിക ഗവേഷണ വികസന ചെലവുകള്‍, ആയുധ ചെലവുകളുടെ 0.2 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി ഉയര്‍ത്താനാണ് രാജ്യത്തിന്റെ പദ്ധതി. അബൂദബിയില്‍ നടന്ന അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിലാണ്, ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഒഹാലി ഇക്കാര്യം പറഞ്ഞത്.

Top