സൗദി അറേബ്യ പുതിയ എയര്‍ലൈന്‍സ് ആരംഭിക്കുന്നു

റിയാദ്: വരുമാന സ്രോതസ്സുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സൗദി അറേബ്യ പുതിയ എയര്‍ലൈന്‍സ് ആരംഭിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. സൗദിയെ ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ എയര്‍ ട്രാന്‍സിറ്റ്ഹബ്ബാക്കി മാറ്റാനാണ് ഇതിലൂടെ കിരീടാവകാശി ലക്ഷ്യമിടുന്നത്. സൗദിയുടെ പുതിയ ഗതാഗത, ലോജിസ്റ്റിക്സ് നയം പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് പുതിയ എയര്‍ലൈന്‍സ് ആരംഭിക്കുന്ന കാര്യം കിരീടാവകാശി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൗദി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വ്യോമയാന രംഗത്തെ ഗള്‍ഫ് മേഖലയിലെ രണ്ട് ശക്തികളായ യുഎഇയുമായും ഖത്തറുമായും ഇക്കാര്യത്തില്‍ മല്‍സരിക്കാനുള്ള നീക്കമാണ് സൗദിയുടെ പ്രഖ്യാപനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സിനോടും ഖത്തര്‍ എയര്‍വെയ്സിനോടും മല്‍സരിക്കാന്‍ കെല്‍പ്പുള്ളതാണെങ്കില്‍ മാത്രമേ മേഖലയില്‍ പുതിയൊരു വിമാനക്കമ്പനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. പുതിയ പ്രഖ്യാപനത്തിലൂടെ ഇതു തന്നെയാണ് കിരീടാവകാശി ലക്ഷ്യമിടുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം അന്താരാഷ്ട്ര യാത്രക്കാരുടെ ഒരു ട്രാന്‍സിറ്റ് കേന്ദ്രമായി റിയാദില്‍ പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന എയര്‍പോര്‍ട്ടിനെ ഇതുവഴി മാറ്റാനാവുമെന്ന കണക്കുകൂട്ടലിലാണ് സൗദി.

അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു കൊണ്ടിരിക്കുകയാണ് സൗദി. കിരീടാവകാശിയുടെ സ്വപ്ന പദ്ധതികളായ നിയോം സിറ്റി പദ്ധതിയും ചെങ്കടല്‍ വികസന പദ്ധതിയും ഇതിന്റെ ഭാഗമാണ്. പുതിയ എയര്‍ലൈന്‍സും എയര്‍പോര്‍ട്ടും ടൂറിസം വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ളതായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് വ്യാപനത്തിന്റെ തൊട്ട് മുമ്പ് 40 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളായിരുന്നു സൗദിയിലെത്തിയിരുന്നത്.

എന്നാല്‍ 2030ഓടെ ഇത് 100 ദശലക്ഷം ആയി ഉയര്‍ത്തുകയാണ് അധികൃതരുടെ ലക്ഷ്യം. അതേസമയം, സൗദിയുടെ നിലവിലുള്ള വിമാനക്കമ്പനിയായ സൗദിയ എയര്‍ലൈന്‍സിനെ തീര്‍ഥാടന ടൂറിസത്തിനായി ഉപയോഗിക്കാനും സൗദിക്ക് പദ്ധതിയുണ്ട്. നിലവില്‍ ആഭ്യന്തര സര്‍വീസുകളാണ് സൗദിയ പ്രധാനമായും നടത്തുന്നത്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമായി ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള സര്‍വീസുകളാവും പുതിയ എയര്‍ലൈന്‍സ് വരുന്നതോടെ സൗദിയ ലക്ഷ്യം വയ്ക്കുക.

 

Top