വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. വീട്ടുവേലക്കാര്‍, ഹൗസ് ഡ്രൈവര്‍മാര്‍, ഗാര്‍ഡനര്‍മാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇന്‍ഷൂറന്‍സ് പദ്ധതി തൊഴില്‍ കരാറിന്റെ ഭാഗമാക്കണം. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരു പോലെ സംരക്ഷണം നല്‍കുന്നതും സൗദി തൊഴില്‍ കമ്പോളത്തിന്റെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നതുമാകും ഈ തീരുമാനമെന്ന് മന്ത്രിസഭാ യോഹം അഭിപ്രായപ്പെട്ടു.

ഇന്‍ഷൂറന്‍സിന് ആവശ്യമായി വരുന്ന തുക തൊഴിലുടമയുമായി റിക്രൂട്ടിംഗ് ഏജന്‍സി ഏര്‍പ്പെടുന്ന തൊഴില്‍ കരാറിന്റെ ഭാഗമായുള്ള ചെലവില്‍ ഉള്‍പ്പെടുത്തി ഈടാക്കും.

റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുമായി തൊഴിലാളികളും തൊഴിലുടമകളും ഒപ്പുവെക്കുന്ന കരാര്‍ പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ ഇന്‍ഷൂര്‍ ചെയ്യുക. രണ്ട് വര്‍ഷത്തിനു ശേഷം വിസ പുതുക്കുന്ന സമയത്ത് താല്‍പര്യമുണ്ടെങ്കില്‍ മാത്രം ഇന്‍ഷൂറന്‍സ് പുതുക്കിയാല്‍ മതിയാവും.

ഗാര്‍ഹിക തൊഴിലാളി മരണപ്പെടുകയോ ആരോഗ്യപരമായ കാരണങ്ങളാണ് തൊഴില്‍ എടുക്കാന്‍ അവര്‍ക്ക് കഴിയാതെ വരികയോ ചെയ്താല്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇന്‍ഷൂറന്‍സ് ഉപകരിക്കും.

അതേപോലെ അപകടം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഉണ്ടാവുന്ന പക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും.

നേരത്തേ സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം ഒഴിവാക്കുകയും തൊഴിലുടമയുടെ അനുവാദമില്ലാതെ ജോലി മാറാനും നാട്ടിലേക്ക് പോയി വരാനും തൊഴിലാളികള്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്ന തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പിലാക്കിയിരുന്നു.

 

Top