Saudi Arabia ‘planning NATO-like military alliance of Muslim states’

സൗദി: നാറ്റോയുടെ മാതൃകയില്‍ മുസ്‌ലിം രാജ്യങ്ങളുടെ സംയുക്ത സൈനിക സഖ്യം രൂപീകരിക്കാന്‍ സൌദി അറേബ്യയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്.

ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെ ലക്ഷ്യം വെച്ചുള്ള സൈനിക സഖ്യ രൂപീകരണമല്ല ഇതെന്നും ഇസ്ലാമിക് സ്റ്റേറ്റ് അടക്കം വിവിധ രാജ്യങ്ങള്‍ പൊതുവായി നേരിടുന്ന തീവ്രവാദ ശക്തികളെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെന്നും വാര്‍ത്ത പുറത്തുവിട്ട പാകിസ്ഥാന്‍ ചാനലായ ദുന്‍യ ന്യൂസ് പറയുന്നു.

പാകിസ്ഥാനും സഖ്യത്തില്‍ അംഗമാണെന്നും 34 രാജ്യങ്ങളടങ്ങുന്ന സഖ്യം സംബന്ധിച്ച രൂപരേഖ തയ്യാറാക്കാന്‍ പാകിസ്ഥാനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തിടെ നടന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ സമാപന ചടങ്ങിന് സാക്ഷിയാവാന്‍ സൌദിയിലെക്കിയ പാക് പ്രധാനമന്ത്രി നവാസ് ശരീഫും സൈനിക മേധാവി റഹീല്‍ ശരീഫും ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. തീവ്രവാദി ഭീഷണി നേരിടുന്നതിന്റെ ഭാഗമായി സൌദി അറേബ്യയില്‍ നടന്ന സൈനിക അഭ്യാസത്തില്‍ 21 രാജ്യങ്ങളാണ് പങ്കെടുത്തത്.

അതേസമയം ശിയാ വിഭാഗത്തിന് മേധാവിത്വമുള്ള ഇറാന്‍ ഈ സഖ്യത്തിന്റെ ഭാഗമാകുമോയെന്ന് ഇനിയും വ്യക്തമല്ല. ആണവായുധങ്ങള്‍ ഉപയോഗിച്ച് ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സുന്നി രാജ്യങ്ങളുമായി ഇസ്രായേല്‍ കൂടുതല്‍ അടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യമനിലെ ഹൂതി വിമതര്‍ക്കെതിരെ സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതായി മനുഷ്യാവകാശ സംഘടകള്‍ ആരോപിക്കുന്നുണ്ട്.

Top