റിയാദ്: സൗദി അറേബ്യയിലെത്തി ഉപജീവനം നടത്തുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി തൊഴില്‍ രംഗത്തെ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക്. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.
മാനവ വിഭവശേഷി മന്ത്രാലയമാണ് താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിന് സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനുള്ള നീക്കമാരംഭിച്ചത്. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും. തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
ഉന്നത ഇടത്തരം തസ്തികകളില്‍ ഘട്ടം ഘട്ടമായി ഇതിനകം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്. അക്കൗണ്ടിംഗ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഡെന്റല്‍, ഐടി തുടങ്ങിയ മേഖലകളിലെ സുപ്പര്‍വൈസിംഗ്, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ ജോലികളിലെ ഉയര്‍ന്ന തസ്തികകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലായിരുന്നു. മന്ത്രാലയത്തിന്റെ സ്വദേശിവല്‍ക്കരണ പദ്ധതി വഴി രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 12.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 11.7 ആയി കുറഞ്ഞിരുന്നു.