ജിദ്ദ: മക്കയിലെയും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിലെ വികസനങ്ങളും സേവനങ്ങളും കൂടുതല്‍ മികച്ചതും കാര്യക്ഷമവുമാക്കാന്‍ മക്ക മശാഇര്‍ റോയല്‍ കമ്മീഷന്‍ രൂപീകരിച്ചു. പുണ്യ സ്ഥലങ്ങളിലെ വിശുദ്ധിയും ഔന്നത്യവും നിലനിര്‍ത്തി വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് കമ്മീഷന്‍ രൂപീകരിച്ചത്. മക്കയുടെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സ്മാരകങ്ങളെയും ചരിത്രപരമായ പൈതൃകത്തെയും കാത്തുസൂക്ഷിക്കുന്നതിനാണ് മുന്‍ഗണനയുള്ളത്.
ഒരോ ബജറ്റിലും ഭീമമായ തുകയാണ് മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിനും തീര്‍ഥാടകരുടെ സേവനത്തിനും നീക്കിവെക്കുന്നത്. ഒരോ ഭരണാധികാരികളുടെയും കാലത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.നേരത്തെ നടപ്പാക്കിവരുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം പുതിയ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. മത്വാഫ് വികസനം, ഹറം വടക്ക് അങ്കണം വികസനം, മക്കയിലെ പുരാതന ഡിസ്ട്രിക്റ്റുകളുടെ വികസനം, അല്‍ഹറമൈന്‍ റെയില്‍വേ പദ്ധതി, മക്ക പൊതുഗതാഗത പദ്ധതി എന്നിവയാണ് പ്രധാനപ്പെട്ട പദ്ധതികള്‍.
മക്ക, മശാഇര്‍ റോയല്‍ കമീഷന്‍ നിലവില്‍ വരുന്നതോടെ മക്കയും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളും വമ്പിച്ച പുരോഗതിയിലേക്ക് ഇനിയും കുതിക്കുമെന്നും തീര്‍ഥാടകര്‍ക്കെന്ന പോലെ ഇരു പട്ടണങ്ങളിലെ താമസക്കാര്‍ക്കും ഒരുപോലെ നേട്ടം കൈവരിക്കും.
ഉന്നത നിലവാരത്തിലുള്ള സേവനങ്ങള്‍ അവിടെയെത്തുന്ന ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കാനും പുതിയ രാജകല്‍പന സഹായകമാകും. മൂന്ന് മാസം കൊണ്ട് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ നിലവില്‍ വരണമെന്നാണ് തീരുമാനം. മന്ത്രി സഭാ ഉപാധ്യക്ഷന്റെ മേല്‍നോട്ടത്തിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുക.
അംഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം മന്ത്രിസഭാ അധ്യക്ഷനാണ്. മക്ക മേഖല ഗവര്‍ണര്‍, ആഭ്യന്തര മന്ത്രി, മക്ക മേഖല അസിസ്റ്റന്റ് ഗവര്‍ണര്‍, ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി, ഹജ്ജ് ഉംറ മന്ത്രി, സാമ്പത്തിക, ആസൂത്രണ മന്ത്രി മന്ത്രി, പ്രൊഫ.യാസിര്‍ ബിന്‍ ഉസ്മാന്‍ അല്‍റുമയാന്‍, എന്‍ജിനീയര്‍ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍സുല്‍ത്താന്‍, ഡോ. ഫഹദ് ബിന്‍ അബ്ദുല്ല തൂനിസി എന്നിവരെ കമ്മീഷനില്‍ അംഗങ്ങളാക്കി കല്‍പന പുറപ്പെടുവിച്ചിട്ടുണ്ട്.