സാമൂഹിക ഒത്തുചേരലുകള്‍ക്ക് വിലക്ക് തുടരുമെന്ന് സൗദി അറേബ്യ

റിയാദ്: കൊവിഡ് സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും. കൊവിഡ് ഭീഷണി പൂര്‍ണമായും അകലാത്തതും രാജ്യത്തെ മുഴുവനാളുകള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാകാത്തതും കൊണ്ടാണ് സാമൂഹിക സംഗമങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നത്.

കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളിലെ ഒത്തുചേരലുകള്‍ അനുവദിക്കില്ലെന്ന് നഗരവികസന, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയം അറിയിച്ചു. ഇത്തരം ഒത്തുചേരലുകള്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം തുടരുന്നത്. വൃദ്ധരും കുട്ടികളും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നതിനാല്‍ ഇവരിലേക്ക് എളുപ്പത്തില്‍ രോഗം പടരാന്‍ ഇതു കാരണമാകും.

സാമൂഹിക വ്യാപനത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗം ബാധിച്ചത്. രാജ്യത്ത് ഭൂരിഭാഗം പേരും ഇപ്പോഴും വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടില്ലെന്നതും വിലക്ക് തുടരാന്‍ കാരണമാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികല്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

Top