റിയാദ്: വസ്തുതകള്‍ വളച്ചൊടിക്കുന്ന രീതി ഖത്തര്‍ തുടരുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.
ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യുഎന്‍എ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത വാര്‍ത്തകളാണ് നല്കുന്നതെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി.
മുഴുവന്‍ കരാറുകളിലും മാറ്റം വരുത്താന്‍ തയ്യാറാകാത്തത് സൗദി അറേബ്യയുടെ സഹിഷ്ണുതയാണെന്ന് ഖത്തര്‍ അധികാരികള്‍ മനസ്സിലാക്കയിട്ടില്ല. കരാര്‍ ലംഘിച്ചതിന് നിരവധി തെളിവുകളുണ്ടെന്നും മന്ത്രാലയം പറയുന്നു.
ഖത്തറിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി തയ്യാറായിരുന്നുവെന്നും എന്നാല്‍ ഖത്തര്‍ അധികാരികള്‍ ഇതിനെ ഗൗരവത്തോടെ കണ്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അടിസ്ഥാന രഹിതമായ വാര്‍ത്തകളും, പ്രസ്താവനകളും തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ നിര്‍ത്തി വയ്ക്കുന്നതിന് തങ്ങളെ നിര്‍ബന്ധിതമാക്കുമെന്നും സൗദി അറേബ്യ അറിയിച്ചു.