റിയാദ്: സൗദിയിൽ സ്ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കി. സ്ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കോ ആംഗ്യമോ കൊണ്ടോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന താക്കീതുമായാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചത്. പിടിയിലാകുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും ചുമത്തും.
സൗദി ദേശീയ ദിനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോകള്‍ പരിശോധിച്ച് 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരേയും മന്ത്രാലയം നിരീക്ഷിച്ച് നടപടിയെടുക്കും. സ്ത്രീ പീഡനത്തിന് പിടിയിലാകുന്നവര്‍ രണ്ട് വര്‍ഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വരും.
കേസിന്റെ സ്വഭാവത്തിനനുസരിച്ചാണ് ജയില്‍ ശിക്ഷ കണക്കാക്കുക. പൊതു – സ്വകാര്യ ഇടങ്ങളില്‍ വെച്ച് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നാണ് രാജ്യ നിയമം. ശാരീരികമായി കൈയ്യേറ്റം ചെയ്യുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സമൂഹ മാധ്യമങ്ങള്‍ വഴി മോശം കമന്റുകള്‍ ഇടുക, മോശമായ ആംഗ്യങ്ങളും ചിഹ്നങ്ങളും കാണിക്കുക എന്നിവക്കെല്ലാം കടുത്ത നടപടിയുണ്ടാകും. ലക്ഷം റിയാല്‍ പിഴയും ഈടാക്കും.